ബെംഗളൂരു: കർണാടക സർക്കാരിന് അജ്ഞാത ബോംബ് ഭീഷണി. ഈമെയിൽ വഴിയാണ് സന്ദേശമെത്തിയത്. ശനിയാഴ്ച ബെംഗളൂരുവിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഇ- മെയിലിൽ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.48 ഓടെ നഗരത്തെ ഞെട്ടിക്കുന്ന സ്ഫോടനം നടക്കുമെന്നാണ് സന്ദേശം.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ആഭ്യന്തര മന്ത്രി, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്കാണ് സ്ഫോടനം നടത്തുമെന്ന് കാണിച്ച് ഈ മെയിൽ അയച്ചിരിക്കുന്നത്. ഷാഹിദ് ഖാൻ എന്ന വ്യക്തിയുടെ പേരിലാണ് ഇ- മെയിൽ എത്തിയിരിക്കുന്നത്. റെസ്റ്റോറന്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ അല്ലെങ്കിൽ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്ഫോടനം നടത്തുക.
ഏതെങ്കിലും പൊതുപരിപാടികൾക്കിടയിലും ബോംബ് സ്ഫോടനം നടന്നേക്കാമെന്നും ഇ- മെയിലിൽ പറയുന്നു. സ്ഫോടനത്തിൽ നിന്ന് പിന്മാറാനായി 2.5 ദശലക്ഷം ഡോളർ (20 കോടിയിലധികം രൂപ) മോചനദ്രവ്യമായും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.