കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. കക്കയത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കക്കയം സ്വദേശി പാലാട്ടി എബ്രഹാമാണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു. വാച്ച് മരം കോളനിയിലെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സല (62)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വയോധികയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.