ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമാകാനൊരുങ്ങുന്ന ബുള്ളറ്റ് ട്രെയിൻ 2026 ജൂൺ-ജൂലൈ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മഹാരാഷ്ട്രയിലെ മുംബൈയെയും ഗുജറാത്തിലെ അഹമ്മദാബാദ് നഗരങ്ങളെയും ബന്ധിപ്പിക്കുന്നതാകും ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പരിമിതമായ സ്റ്റോപ്പുകളിൽ നിർത്തുന്ന സർവീസ് എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന സർവീസുമുണ്ടാകും. ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ വെറും രണ്ട് മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കും. മറ്റുള്ളവ ലക്ഷ്യസ്ഥാനത്ത് എത്താൻ 45 മിനിറ്റ് അധികമെടുക്കും.
ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം 100 കിലോമീറ്ററിലധികം വയഡക്ട് (എലവേറ്റഡ് സ്ട്രെച്ച്) പൂർത്തിയാക്കി. ആറ് നദി പാലങ്ങൾ നിർമ്മിക്കപ്പെട്ടു. റൂട്ടിന്റെ ഗുജറാത്ത് ഭാഗത്ത് 20 പാലങ്ങളാണുള്ളത്. അതിൽ ഏഴെണ്ണം നിർമ്മിച്ച് കഴിഞ്ഞു.