ന്യൂഡൽഹി: നാളെ റമദാൻ മാസം ആരംഭിക്കാനിരിക്കെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. എല്ലാവർക്കും അനുഗ്രഹീതമായ റംസാൻ ആശംസിക്കുന്നുവെന്നും ഈ പുണ്യമാസം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്ന് റമദാൻ വ്രതത്തിന് തുടക്കമായി.
ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയിൽ നാളെയാണ് വ്രതം ആരംഭിക്കുന്നത്. പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെയാണ് റമദാൻ ഒന്ന്.