പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ പൊഖ്റാനിൽ സേന നടത്തിയ ‘ഭാരത് ശക്തി’ ഏറെ ആകാംക്ഷയൊടെയാണ് ഏവരും ഉറ്റുനോക്കിയത്. മേക്ക് ഇൻ ഇന്ത്യയുടെ ശക്തി പ്രകടനമായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സൈനികാഭ്യാസം അയൽരാജ്യമായ പാകിസ്താനിലും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പാക് യൂട്യൂബർ സന അംജദിനോടുള്ള പാക് പൗരൻമാരുടെ പ്രതികരണം ഇതാണ് കാണിക്കുന്നത്.
അഭ്യാസത്തിന്റെ പേരിൽ ഇന്ത്യ ശക്തി കാണിക്കുകയാണെന്ന് സന അംജദുമായുള്ള സംഭാഷണത്തിനിടെ ഒരു പാക് യുവാവ് പറഞ്ഞു. തങ്ങളുടെ അവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുക്കുമ്പോൾ ഇത്തരം കാര്യങ്ങളൊന്നും കൂട്ടിയാൽ കൂടില്ല.
പാകിസ്താൻ ദൈനംദിന ചെലവുകൾ നടക്കാൻ ഐഎംഎഫിനോട് ഭിക്ഷ യാചിക്കുന്നു. എങ്ങനെയെങ്കിലും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയാണ് നമ്മുടെ ആവശ്യം. ഇത്തരം തയ്യാറെടുപ്പുകളോന്നും തങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും പാക് പൗരൻ പറയുന്നു.
ഇന്ത്യയുടെ ശക്തിയെ കുറിച്ച് യുട്യൂബറുടെ ചോദ്യത്തിന്, ശക്തമായ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് മുഹമ്മദ് ഒസാമ എന്ന യുവാവ് പറഞ്ഞു. ലോകം മുഴുവൻ അവരുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണ്. പാകിസ്താന് ആലോചിക്കാൻ കഴിയാത്ത വിധം ശക്തമാണ് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം. രാജ്യത്തെ കുറിച്ചാണ് ഇന്ത്യയിലെ ഭരണാധികാരികൾ ചിന്തിക്കുന്നത്, എന്നാൽ പാകിസ്താന് അത്തരം ഭരണാധികാരികൾ ഇല്ലെന്നും മുഹമ്മദ് ഒസാമ കൂട്ടിച്ചേർത്തു .
ഇന്ത്യയുടെ പ്രതിരോധ ഇൻഫ്രാസ്ട്രക്ചർ പാകിസ്താനേക്കാൾ എറെ മെച്ചപ്പെട്ടതാണെന്ന് മറ്റൊരു യുവാവ് പറഞ്ഞു. ഇന്ത്യയുടേത് ശക്തമായ സമ്പദ് വ്യവസ്ഥയാണ്. അതുകൊണ്ട് പ്രതിരോധ ബജറ്റിൽ പാകിസ്താനേക്കാൾ കൂടുതൽ ചെലവിടുന്നത് ഇന്ത്യയാണ്. അതേസമയം, പാകിസ്താൻ ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. ഇവിടത്തെ വിദേശനാണ്യ ശേഖരം വളരെ താഴ്ന്ന നിലയിലാണ്. അത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾക്ക് ചെലവുകൾ വഹിക്കാൻ കഴിയില്ല, അദ്ദേഹം പറഞ്ഞു.