പാലക്കാട്: ട്രെയിൻ മാർഗം കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം എടക്കര സ്വദേശികളായ ശ്രീജിത്ത് (24), നിധിൻരാജ് (22), കാസർകോട് ഉടുമ്പുതല സ്വദേശി അഖിൽ കുമാർ (32) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 9. 810 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർക്ക് ഒഡീഷയിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം.
പ്രതികൾ നേരത്തെ മയക്കുമരുന്ന് കേസുകളിലടക്കം പ്രതികളാണ്. ഇവർക്കെതിരെ ക്രിമിനൽ കേസുകളും നിലനിൽക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് എ.എസ്.പി അശ്വതി ജിജി, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.