ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുവാണ് കൂൺ അഥവാ കുമിൾ. സീസൺ ആരംഭിക്കുമ്പോൾ തന്നെ നാട്ടിൻപ്പുറങ്ങളിൽ കൂണിനായുള്ള ആളുകളുടെ തിരച്ചിലും ആരംഭിക്കും. ചിലർ കൂൺ കൃഷിയും നടത്താറുണ്ട്. പല തരത്തിലുള്ള കൂണുകൾ നമുക്ക് ചുറ്റുമുണ്ട്. രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും മുന്നിലാണ് കൂണുകൾ. ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും 2,000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമുള്ളൂ. വടക്കേ ഇന്ത്യയിൽ വലിയ തോതിൽ ബട്ടൺ കൂൺ കൃഷി ചെയ്യാറുണ്ട്. കറുത്ത പശിമയുള്ള മണ്ണിലാണ് ബട്ടൺ കൂൺ കൃഷി ചെയ്യുന്നത്.
ധാരാളം പോഷകഘടകങ്ങൾ അടങ്ങിയതാണ് ബട്ടൺ കൂൺ. രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കുന്നത് ഉൾപ്പെടെ പല ആരോഗ്യ ഗുണങ്ങൾ കൂണിനുണ്ട്. വിറ്റാമിൻ ഡി, വിറ്റാമിൻ ബി, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ തുടങ്ങിയ നിരവധി പോഷക ഘടകങ്ങൾ ബട്ടൺ കൂണിൽ അടങ്ങിയിട്ടുണ്ട്.
ബട്ടൺ കൂൺ കഴിക്കുന്നതിന്റെ വിവിധ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
പ്രതിരോധ ശേഷി വർദ്ധിക്കുന്നു
ബട്ടൺ കൂണിൽ ധാരാളം സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകളും മറ്റ് രോഗങ്ങളും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
ഹൃദയാരോഗ്യം
ബട്ടൻ കൂണിൽ ഫൈബർ, പൊട്ടാസ്യം, ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്.
ക്യാൻസർ പ്രതിരോധം
ബട്ടൺ കൂൺ കഴിക്കുന്നത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
മെച്ചപ്പെട്ട ദഹനം
ദഹനം സുഗമമായി നടക്കുന്നതിന് ബട്ടൺ കൂൺ വളരെ ഫലപ്രദമാണ്. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും ഇത് സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യം
വിറ്റാമിൻ ഡിയുടെ കലവറയാണ് ബട്ടൺ കൂൺ. ഇത് കാത്സ്യം ആഗീരണം ചെയ്യുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ബട്ടൺ കൂൺ അത്യുത്തമമാണ്.