ന്യൂഡൽഹി: ഭൂട്ടാൻറെ 12-ാം പഞ്ചവത്സര പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ. സാമ്പത്തിക ഉത്തേജക പദ്ധതികൾക്കായി 5,000 കോടി രൂപയുടെ സഹായം നൽകി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കണക്ടിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമാകും തുക വിനിയോഗിക്കുകയെന്ന് ഭൂട്ടാൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്ഗേ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള സൗഹൃദബന്ധമാണ് ഭൂട്ടാന്റെ വികസനത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തു. ഭൂട്ടാന്റെ കാഴ്ചപ്പാടിന് അനുസൃതമായി സാമ്പത്തിക ഭദ്രതയുള്ള രാജ്യമാകാനുള്ള ഭൂട്ടാന്റെ പരിശ്രമത്തെ പിന്തുണയ്ക്കാൻ ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിക്കായി സഹായം നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രിക്കും ഭൂട്ടാൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനം, റോഡ്, റെയിൽ, വ്യോമ, ഡിജിറ്റൽ കണക്റ്റിവിറ്റി, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ധ്യം, സാംസ്കാരിക സംരക്ഷണം തുടങ്ങിയ മേഖലകളെ പിന്തുണയ്ക്കുന്നതിനാണ് ഇന്ത്യയുടെ വികസന സഹായം ലക്ഷ്യമിടുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.