വയനാട്: താമരശ്ശേരി ചുരത്തിൽ വൻ ലഹരിമരുന്ന് വേട്ട. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 194 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. എസ്റ്റേറ്റ് മുക്ക് സ്വദേശി ഫവാസ്, ബാലുശ്ശേരി സ്വദേശി ജാസിൽ എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൈസൂരിൽ നിന്നും കോഴിക്കോടേക്ക് എംഡിഎംഎ കടത്തുന്നതായി താമരശ്ശേരി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. കാറിനുള്ളിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കും. മുൻപും പല തവണ ജില്ലയുടെ പല ഭാഗങ്ങളിലേക്കും ഇവർ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.