ഹൈദരബാദ്: ആന്ധ്രയിലെ ദേശീയപാത-16ൽ വിമാനങ്ങൾ ലാൻഡ് ചെയ്ത് ഭാരതീയ വ്യോമസേന. ദേശീയപാതയിൽ നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിലാണ് (ELF) യുദ്ധ- ഗതാഗത വിമാനങ്ങൾ പറന്നിറങ്ങിയത്. അടിയന്തര ലാൻഡിങ് പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കം നടത്തിയത്.
ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ അദ്ദങ്കിക്ക് സമീപം ദേശീയപാത 16-ൽ സുഖോയ്, ഹോക്ക് യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ലാൻഡ് ചെയ്യുകയും പറന്നുയരുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു .
4.1 കിലോമീറ്റർ നീളവും 33 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് എയർസ്ട്രിപ്പ് വ്യോമസേനയുടെ നിബന്ധനകൾക്ക് അനുസരിച്ച് നാഷണൽ ഹൈവേ അതോറിറ്റിയാണ് നിർമ്മിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തെയും ദേശീയപാതയുടെ ഭാഗമായി എയർസ്ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്.
#IndianArmedForces #CapabilityBuilding
Elevating preparedness, inspiring excellence !
On 18 March 2024, @IAF_MCC fighter & transport aircraft carried out operations on an Emergency Landing Facility (ELF) airstrip on National Highway 16 near Addanki in Bapatla district. @EAC_IAF pic.twitter.com/bHytRC21Rw— PRO Shillong, Ministry of Defence (@proshillong) March 19, 2024
പ്രകൃതിദുരന്തങ്ങളിൽ മാനുഷിക സഹായം എത്തിക്കൽ, വിദൂര പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം തുടങ്ങി വിവിധ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണ് ദേശീയപാതയുടെ ഭാഗമായി എമർജൻസി ലാൻഡിംഗ് ഫെസിലിറ്റികൾ ഒരുക്കുന്നത്. വ്യോമസേനയും ഗതാഗത മന്ത്രാലയവും സംയുക്തമായാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.