തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്കേറ്റു. തൃശൂർ ദേശീയപാതയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് മാനിന് പരിക്കേറ്റത്. രണ്ട് വയസോളം പ്രായമുള്ള മാനാണ് അപകടത്തിൽപ്പെട്ടത്.
പാതയോരത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പുള്ളിമാൻ ദേശീയപാതയിലെത്തിയത്. തുടർന്ന് ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മാനിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ മാനിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. നടക്കാൻ കഴിയാത്ത സ്ഥിതിയിലായതിനാൽ നാട്ടുകാർ തന്നെ റോഡിന്റ അരികിലേക്ക് മാറ്റിയ ശേഷം വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.