ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ ഡൽഹി ഹൈക്കോടതിയിൽ പുതിയ ഹർജി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളെ സംബന്ധിച്ചാണ് ഹർജി സമർപ്പിച്ചത്. തനിക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹർജി നൽകിയിരിക്കുന്നത്.
ജസ്റ്റിസ് സുരേഷ് കുമാർ കൈത് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. മദ്യമയ കുംഭക്കോണ കേസിൽ അരവിന്ദ് കെജ്രിവാളിന് ഇതുവരെ ഒമ്പത് സമൻസുകളാണ് ഇഡി അയച്ചിട്ടുള്ളത്. ഇഡി സമൻസ് ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇഡിയുടെ നിലപാട് അന്വേഷിച്ചിരുന്നു.
ഇഡി അറസ്റ്റ് ചെയ്യുമെന്ന് കെജ്രിവാളിന് ആശങ്കയുണ്ടെന്നും സംരക്ഷണം ഏർപ്പെടുത്തിയാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.