ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തമിഴ്നാട്ടിലെ സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. സംസ്ഥാനത്തെ ഒമ്പത് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ മത്സരിക്കും. തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജനാണ് ചെന്നൈ സൗത്തിലെ സ്ഥാനാർത്ഥി. കന്യാകുമാരിയിൽ നിന്ന് പൊൻ രാധാകൃഷ്ണനും തൂത്തുക്കുടിയിൽ നിന്ന് നൈനാർ നാഗേന്ദ്രനും ജനവിധി തേടും. കേന്ദ്രമന്ത്രി എൽ. മുരുഗൻ നീലഗിരിയിൽ നിന്നാണ് മത്സരിക്കുക.
ഇന്ന് ഉച്ചയോടെയായിരുന്നു തമിഴ്നാട്ടിലെ എൻഡിഎയുടെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായത്. ആകെയുള്ള 39 ലോക്സഭാ മണ്ഡലങ്ങളിൽ 20 ഇടത്ത് ബിജെപി മത്സരിക്കും. പിഎംകെ പത്ത് സീറ്റുകളിലും ടിഎംസി മൂന്നിടത്തും എഎംഎംകെ രണ്ടിടത്തും ഓരോ സീറ്റിൽ വീതം ഐജെകെയും എൻജെപിയും മറ്റ് രണ്ട് ചെറിയ പാർട്ടികളും മത്സരിക്കും.