ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ഓൾഡ് മൂന്നാർ ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു. അജ്ഞാതജീവി എന്ന പേരിലാണ് പ്രദേശത്ത് വാർത്ത പ്രചരിച്ചത്.
കരിമ്പുലിയെ കണ്ടയാൾ വീഡിയോയും ചിത്രങ്ങളും വനം വകുപ്പിന് കൈമാറിയിരുന്നു. ഫോട്ടോയും വീഡിയോയും പരിശോധിച്ച ശേഷം വനം വകുപ്പ് തന്നെയാണ് ഇത് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചത്.
അതേസമയം മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് എന്ന സ്ഥലത്ത് കരിമ്പുലിയെ കണ്ടെത്തിയിരുന്നു. അതേ കരിമ്പുലിയാണ് ഇതെന്നും വനം വകുപ്പ് പറയുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ കരിമ്പുലിയും ഇതു തന്നെയാണെന്നാണ് വനം വകുപ്പിന്റെ നിഗമനം.