പത്തനംതിട്ട: ചെന്നീർക്കരയിൽ വിവിധ പാർട്ടികളിൽ നിന്നും 25 പേർ ബിജെപിയിൽ ചേർന്നു. ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നവരെ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി സ്വീകരിച്ചു. ചെന്നീർക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു അദ്ദേഹം പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
വിവിധ പാർട്ടികളിൽ നിന്നായി ഇരുപത്തിയഞ്ചോളം പേരാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. പാർട്ടിയിൽ ചേർന്നവരെ അനിൽ കെ. ആന്റണി ഷാൾ അണിയിച്ച് സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയിൽ ആകൃഷ്ടരായി ആളുകൾ ബിജെപിയിൽ ചേരുന്നത് ഇനിയും
തുടരുമെന്ന് അനിൽ കെ. ആന്റണി ചടങ്ങിൽ പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ആദ്യ ദിവസം അദ്ദേഹം പറഞ്ഞത് 140 കോടി ജനങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും വികസിത ഭാരതമാക്കുമെന്നുമാണെന്ന് അനിൽ ആന്റണി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ബിജെപി ഒരുപാട് കാര്യങ്ങൾ രാജ്യത്തിനായി ചെയ്തിട്ടുണ്ട്. ഇനിയും അടുത്ത 5 വർഷത്തിൽ മോദിയുടെ നേതൃത്വത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യും. 25 വർഷത്തേക്കായി അനവധി പദ്ധതികളും ഉണ്ട്. ഇനിയും ഭാരതീയ ജനതാ പാർട്ടിയിൽ ആകൃഷ്ടരായി നിരവധിപേർ പാർട്ടിയിൽ പ്രവേശിക്കുമെന്നും അനിൽ ആന്റണി വ്യക്തമാക്കി.