തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെയാണ് ഉയർന്ന കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയുണ്ട്.
ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.