തൃശൂർ: രാജ്യമെമ്പാടും ഈസ്റ്റർ ദിനം ആഘോഷിക്കുന്നതിനിടെ യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഗാനം പുറത്തിറക്കി സുരേഷ് ഗോപി. യേശുദേവൻ അനുഭവിച്ച കഷ്ടതകളും കൊടിയ പീഡനങ്ങളും വിവരിക്കുന്ന ഗാനമാണ് സുരേഷ് ഗോപി പുറത്തിറക്കിയത്. ഭാര്യ രാധികയോടൊപ്പമാണ് ഗാനം ആലപിക്കുന്നത്. വീഡിയോ സുരേഷ് ഗോപി തന്നെ ഫെയ്സ് ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്ക് ജോക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. യേശുദേവന്റെ പീഡനങ്ങളും ഒടുവിൽ പ്രത്യാശയുടെ വെളിച്ചമേകി ഉയിർത്തെഴുന്നേറ്റ നിമിഷവും ഗാനത്തിൽ വിവരിക്കുന്നുണ്ട്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഗാനം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവച്ചും ആശംസകൾ അറിയിച്ചും രംഗത്തെത്തിയത്. സംഗീത ലോകത്ത് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. എല്ലാ വിശ്വാസി സമൂഹത്തിനും ഈസ്റ്റർ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.