കാസർകോട്: ബേക്കലിൽ മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
രണ്ട് ദിവസത്തോളമായി കുടുംബത്തിൽ വഴക്ക് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മകൻ പിതാവിനെ ക്രൂരമായി മർദ്ദിച്ചത്. ഇരുമ്പുവടികൊണ്ടാണ് പ്രമോദ് മർദ്ദിച്ചത്. ആക്രണത്തിൽ സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ചാണ് ഇടേണ്ടി വന്നത്.
ഇതിന് പിന്നാലെ പൊലീസ് പ്രമോദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് വീട്ടിലെത്തിയെങ്കിലും പ്രമോദ് ഒളിവിൽ പോയിരുന്നു. ഇന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തിയ പ്രമോദ് അപ്പുക്കുഞ്ഞിയെ വീണ്ടും ആക്രമിക്കുകയായിരുന്നു.