പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലൈ. കോയമ്പത്തൂർ മണ്ഡലത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയാണ് കൃഷ്ണകുമാറിന് വേണ്ടി അണ്ണാമലൈ വോട്ട് അഭ്യർത്ഥിച്ചത്.
അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആനക്കട്ടി ഭാഗത്തെത്തിയപ്പോഴാണ് കൃഷ്ണകുമാറിന് വോട്ട് ചെയ്യണമെന്ന് പ്രദേശവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടത്. അട്ടപ്പാടിയിൽ നിന്ന് നിരവധി പേർ അണ്ണാമലൈയെ കാണാനായി ആനക്കട്ടിയിലെത്തിയിരുന്നു. കോയമ്പത്തൂർ കേരളാതിർത്തി പ്രദേശങ്ങളിലെല്ലാം അണ്ണാമലൈയെ കാണാൻ നിരവധി മലയാളികളാണ് എത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് സംസ്ഥാനത്തെ എൻഡിഎ സ്ഥാനാർത്ഥികൾ. കേരളത്തിൽ ആകെയുള്ള 20 സീറ്റുകളിൽ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 3 സീറ്റുകളിൽ എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്.