തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കുന്നതെന്ന് തൃശൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഈ ഒരു വിശ്വാസം കഴിഞ്ഞ കുറച്ച് മാസങ്ങളായി ജനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണം കൊണ്ടാണ് ലഭിച്ചതെന്നും സുരേഷ്ഗോപി പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ ആത്മവിശ്വാസമല്ല, കഴിഞ്ഞ കുറച്ച് മാസങ്ങളായി ജനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണം കൊണ്ടാണ്. അതിൽ നിന്നാണ് ജയിക്കുമെന്ന ആത്മവിശ്വാസമുള്ളത്. പാർട്ടിയുടെ തീരുമാനം അനുസരിച്ചാണ് പ്രചാരണപരിപാടികൾ തീരുമാനിക്കുന്നത്. ഇപ്പോൾ കൂടുതലും കുടുംബ യോഗങ്ങളാണ് നടക്കുന്നത്. ഇത് കഴിഞ്ഞ് വാഹന പ്രചാരണം ആരംഭിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. നിരവധി ബിജെപി പ്രവർത്തകരുടെ സാന്നിധ്യത്തിൽ അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചനയും നടത്തിയിരുന്നു. വരണാധികാരിയായ തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.