മുംബൈ: മറാത്തി ഭാഷയിൽ നെയിം ബോർഡ് പ്രദർശിപ്പിക്കാത്ത കടകളും സ്ഥാപനങ്ങളും മെയ് 1 മുതൽ നികുതിയുടെ ഇരട്ടി അടയ്ക്കേണ്ടി വരും. മറാത്തി ഭാഷ ഇല്ലാത്ത സൈൻ ബോർഡുകളുടെ ലൈസൻസും ബിഎംസി ഉടൻ റദ്ദാക്കും. കടകൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് പുതുക്കാൻ 25,000 മുതൽ 1.5 ലക്ഷം രൂപ വരെ നൽകേണ്ടിവരുമെന്ന് ബിഎംസി പ്രസ്താവനയിൽ പറയുന്നു.
അതേസമയം, നെയിം ബോർഡുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്ത 343 കേസുകളിൽ, വാദം നടത്തിയതിന് ശേഷം ബിഎംസി കടകൾക്കും സ്ഥാപനങ്ങൾക്കും മൊത്തം 32 ലക്ഷം രൂപ പിഴ ചുമത്തി. അതുപോലെ, കോടതികളിൽ വാദം കേട്ട 177 കേസുകളിൽ ഏകദേശം 14 ലക്ഷം രൂപ കോടതികൾ പിഴ ചുമത്തി.
മറാത്തി നെയിം ബോർഡുകൾ സ്ഥാപിക്കാത്തതിന് ബിഎംസി ഇതുവരെ 3,040 സ്ഥാപനങ്ങൾക്ക് വക്കീൽ നോട്ടീസ് നൽകിയിട്ടുണ്ട്. കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോർഡുകൾ മറാത്തിയിൽ സ്ഥാപിക്കാൻ രണ്ട് മാസത്തെ സമയപരിധി നൽകിയിരുന്നു. കഴിഞ്ഞ വർഷം നവംബർ 25 ന് ഈ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു.