തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്. തൃശൂരിന്റെ എംപിയാകാൻ സുരേഷ് ഗോപി യോഗ്യനാണെന്നും ജനപ്രതിനിധി എന്നാൽ ജനമനസിൽ ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോടാണ് മേയറിന്റെ പ്രതികരണം.
“ജനങ്ങളുടെ ഇടയിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി. കോർപ്പറേഷന് പണം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ പണം തരികയും ചെയ്തു. എന്നാൽ മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ തരാൻ മാത്രമേ അറിയുകയുള്ളൂ. സുരേഷ് ഗോപി പണം തരുമെന്ന് നേരിട്ട് വാക്ക് തരികയും അത് പാലിക്കുകയും ചെയ്തു. സ്വതന്ത്ര ചിന്തയോടെയായിരിക്കും ഞാൻ വോട്ടു ചെയ്യുക. സുരേഷ് ഗോപി മിടുക്കനാണ്’- മേയർ എംകെ വർഗീസ് പറഞ്ഞു.
തൃശൂർ മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ നിന്നും വലിയ ജനപ്രീതിയാണ് സുരേഷ് ഗോപിക്ക് ലഭിക്കുന്നത്. ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് മണ്ഡലത്തിൽ നടക്കുന്നത്. വികസനം ജനങ്ങളുടെ അവകാശമാണെന്നും അത് കൊണ്ടുവരാൻ തനിക്ക് സാധിക്കുമെന്നും പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞു. ഞാൻ തൃശൂരിൽ തന്നെയുണ്ട്. ചെയ്ത കാര്യങ്ങൾ ഇവിടെ ദൃശ്യമാണ്. വോട്ട് ചെയ്യുക എന്നത് ഒരു പൗരന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.