ഈ മേടസംക്രമം മകയിരം നക്ഷത്രക്കാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്. ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ ജോലിയിൽ പുരോഗതിയും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ സന്തോഷകരമായ സംഭവങ്ങൾക്ക് വഴിയൊരുക്കുന്ന സമയമാണിത്. എന്നാൽ, ചിലർക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ജാതകത്തിലെ സൂര്യന്റെ സ്ഥിതിയെ ആശ്രയിച്ച് ഈ നഷ്ടത്തിന്റെ വ്യാപ്തി വ്യത്യാസപ്പെട്ടിരിക്കും. മകയിരം നക്ഷത്രക്കാർക്ക് പൂർവികരുടെ സ്വത്തുവകകൾ ലഭിക്കാൻ സാധ്യത കാണുന്നു. വിദേശത്തുള്ളവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. നാട്ടിലെ ഉത്സവങ്ങളിൽ പങ്കെടുക്കാനുള്ള അവസരം വന്നു ചേരും. അവിവാഹിതർക്കും വിവാഹിതർക്കും അവിഹിത ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത തുറന്നു വരും. എന്നാൽ അത്തരം പ്രവർത്തികളിൽ നിന്നും വിട്ടു നിൽകുവാനോ ഒഴിവാക്കാൻ സാധിക്കുന്നില്ല എങ്കിൽ സുരക്ഷിതമായും, തെളിവുകൾ അവശേഷിപ്പിക്കാതെയും കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക. തെറ്റിദ്ധാരണകൾ മൂലം പിണങ്ങി നിന്നിരുന്ന സഹോദരങ്ങൾ തമ്മിൽ ഒത്തുചേരൽ പ്രതീക്ഷിക്കാം. കർമ്മ മേഖലയിൽ പുതിയ അവസരങ്ങൾ വന്നു ചേരും.
മൂന്നര വയസ്സുവരെയുള്ള ചൊവ്വാദശയിൽ കുഞ്ഞുങ്ങൾക്ക് ബാലാരിഷ്ടതയുടെ ശക്തമായ സ്വാധീനം അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങൾക്ക് അസുഖം, ദഹന പ്രശ്നങ്ങൾ, ഭയം, ഉറക്കക്കുറവ്, കരപ്പൻ പോലെയുള്ള ത്വക്ക് രോഗങ്ങൾ തുടങ്ങിയവ ബാലാരിഷ്ടതയുടെ ഭാഗമായി അനുഭവപ്പെട്ടേക്കാം. ഈ പ്രശ്നങ്ങൾ കുഞ്ഞുങ്ങളെക്കാൾ അവരുടെ മാതാപിതാക്കളെ കൂടുതൽ ബാധിക്കും. മാതാപിതാക്കൾ ആയിരിക്കും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടത്. ചില കുടുംബങ്ങൾക്ക് ഈ കാലയളവിൽ വേണ്ടപ്പെട്ടവരുടെ വേർപാട് നേരിടേണ്ടി വന്നേക്കാം. സഹോദരങ്ങളിൽ നിന്നും നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ പലർക്കും ഈ കാലയളവിൽ അനുഭവ ഭാഗ്യക്കുറവ് അനുഭവപ്പെടാം. അധികമായി ധനനേട്ടം പ്രതീക്ഷിക്കാം. മിഥുനക്കൂറിലെ കുഞ്ഞുങ്ങൾക്ക് ഈ കാലയളവിൽ അവരുടെ പിതാവിന്റെ അനുഭവ ഭാഗ്യക്കുറവ് അനുഭവപ്പെടാം. അതിനാൽ പിതാവിന്റെ ജാതക നിരൂപണം നടത്തുന്നത് നല്ലതാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യം വളരെയേറെ ശ്രദ്ധിക്കുക. ഈ കാലയളവ് കുഞ്ഞുങ്ങൾക്കും കുടുംബാംഗങ്ങൾക്കും ചില വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ ശ്രദ്ധയും ജാഗ്രതയും പുലർത്തുകയാണെങ്കിൽ ഈ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കും.
21 വയസ്സിൽ വരെയുള്ള രാഹുർ ദശയിൽ കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കൾ വളരെ സൂക്ഷിക്കേണ്ടതാണ്. ഈ പ്രായത്തിൽ അവരെ മറ്റാരെങ്കിലുമോ വേണ്ടപെട്ടവരോ ചൂഷണം (ലൈംഗീകപരമായും) ചെയ്യപ്പെട്ടെക്കാം. വളരെ വിശ്വസ്തരായവരിൽ നിന്നും സംരക്ഷിക്കാൻ ബാധ്യത ഉള്ളവരിൽ നിന്നും പോലും തികതനുഭവങ്ങൾ ഉണ്ടാകുന്ന കാലം ആണ്. മാത്രമല്ല, ഇത്തരം ചൂഷണത്തിന് ഇരയാകുന്ന കുഞ്ഞുങ്ങൾക്ക് ജീവിതകാലം മുഴുവൻ ഈ സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വന്നേക്കാം. അതിനാൽ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. പല പ്രണയ ബന്ധങ്ങളിൽ ചെന്ന് പെടാനും സാധ്യത ഉണ്ടെങ്കിലും വികാരപരമായി തീരുമാനം എടുക്കുന്നതിനു പകരം വിവേകപരമായി തീരുമാനം എടുത്താൽ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടി വരില്ല. വിദ്യാഭ്യാസം, തൊഴിൽ എന്നിവക്ക് വേണ്ടി ദൂരദേശവാസം കാണുന്നു. ചിലർക്ക് അധികാര സ്ഥാനങ്ങളിൽ നിന്നും സർക്കാരിൽ നിന്നുമൊക്കെ ദോഷങ്ങൾ കാണുന്നു. പിഴ, ശിക്ഷ എന്നിവയുടെ രൂപത്തിൽ ദോഷങ്ങൾ സംഭവിച്ചേക്കാം. വാക്ക് തർക്കങ്ങളിൽ, വ്യവഹാരങ്ങളിൽ നിന്നും ഒക്കെ ഒഴിവായി വരാൻ ശ്രദ്ധിച്ചില്ല എങ്കിൽ തോൽവി നേരിട്ടേക്കാം. ക്ഷമയും ബുദ്ധിയും ഉപയോഗിച്ച് കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക. കുട്ടികാലത്തെ പ്രമേഹം ബാധിക്കുവാൻ സാധ്യത ഉള്ളതിനാൽ നിരീക്ഷിക്കുക. കലാമേഖലയിൽ താല്പര്യം ഉള്ളവർക്ക് അതിൽ ശോഭിക്കാനും, വിജയിക്കാനും, അത് വഴി ഭാവിയിൽ പണവും പ്രശസ്തിയും ഒക്കെ വരാനും സാധ്യത ഉണ്ട്. അത്തരം കാലതാല്പര്യം ഉള്ളവരെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കണം.
38 വയസ്സു വരെയുള്ള വ്യാഴ ദശയിൽ സാമ്പത്തിക കാര്യങ്ങളിൽ നല്ല പുരോഗതി പ്രതീക്ഷിക്കാം. ഈ കാലയളവിൽ വിവാഹം, സന്താനം, വാഹനം വാങ്ങൽ, ആഭരണങ്ങൾ വാങ്ങൽ തുടങ്ങിയ സന്തോഷകരമായ സംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹാലോചന വരുകയും വിവാഹം നടക്കുകയും ചെയ്യാം. ഈ ദശയിൽ ഉന്നത സ്ഥാന ലബ്‌ധി, കുടുംബത്തിൽ മംഗള കർമങ്ങൾ, സന്തോഷകരമായ കുടുംബ ജീവിതം, നല്ല സുഹൃത്തുക്കൾ, പേരും പ്രശസ്തിയും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ അലർജി, വാതം, കഫം, മുഴകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദാനധർമ്മം ചെയ്യുക വഴി ഭാഗ്യം സിദ്ധിക്കും. പ്രത്യേകിച്ചും രോഗികൾക്കു ഭക്ഷണം നൽകുന്നത് ഗുണം ചെയ്യും.
56 വയസ്സു വരെയുള്ള ശനിദശാകാലത്തിൽ, കൃഷി, പശുപാലനം തുടങ്ങിയ മേഖലകളിൽ താൽപ്പര്യം വളരുന്നതായി കാണാം. ഈ മേഖലകളിൽ നിന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ ദശയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും അതുവഴി സ്ഥാനക്കയറ്റം നേടാനും സാധ്യതയുണ്ട്. എന്നാൽ ശനിദശയായതിനാൽ, ഈ ദശയിൽ അലച്ചിലും അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർക്ക് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും സന്താനങ്ങൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വീട്ടിൽ നിന്ന് പോകുകയും അതുവഴി ദുഃഖം അനുഭവപ്പെടുകയും ചെയ്യാം. വാഹനഭയം, അപ്രതീക്ഷിത കേസുകൾ, ധനനഷ്ടം എന്നിവയും ഈ ദശയിൽ സംഭവിക്കാം. ചിലർക്ക് പ്രിയപ്പെട്ടവരുടെ മരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ശാരീരികമായി, ഒടിവ്, ചതവ്, മുറിവ്, വാതം, കഫം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാഹസിക പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നില്കുന്നത് നന്നായിരിക്കും.
74 വയസ്സു വരെയുള്ള ബുധദശാകാലത്തിൽ, കളത്ര പുത്ര സൗഖ്യത്തോടും സകല സൗഭാഗ്യങ്ങളോടും കൂടിയ സന്തോഷകരമായ വിശ്രമ വാർദ്ധക്യം നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഈ ദശയിൽ നിങ്ങളുടെ സന്താനങ്ങൾക്ക് വിദേശത്ത് നല്ല ജോലി ലഭിക്കുകയും അവിടെ ഉന്നതി നേടുകയും ചെയ്യാൻ സാധ്യതയുണ്ട്. വാടക വരുമാനം, കൃഷി, നാൽക്കാലി വളർത്തൽ തുടങ്ങിയ വിവിധ മേഖലകളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. കലാപരമായി ജീവിച്ച മകയിരം നക്ഷത്രക്കാർക്ക് ഈ ദശയിൽ രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിക്കാൻ വരെ യോഗമുണ്ട്. എന്നാൽ ഈ ദശയിൽ പ്രമേഹം, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഈ പറഞ്ഞിരിക്കുന്നത് പൊതുഫലം മാത്രമാണ്. ഓരോരുത്തരുടെയും ജന്മഗൃഹനിലയിൽ ബുധന്റെ സ്ഥാനം നോക്കിയാൽ ചിലപ്പോൾ ഈ യോഗങ്ങൾക് തടസം കണ്ടേക്കാം. അതിനാൽ, ഈ ദശയിൽ മുകളിൽ പറഞ്ഞ ഫലങ്ങൾ ലഭിക്കാൻ, ഓരോരുത്തരും അവരുടെ ബുധസ്ഥാനം നോക്കി പരിഹാരം നിര്ണയിക്കേണ്ടതാകുന്നു.
2024 മെയ് മാസത്തിലെ വ്യാഴമാറ്റം വിദേശ വാണിജ്യം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ അവസരങ്ങൾ കൊണ്ടുവരും. ഇത് ഇറക്കുമതി, കയറ്റുമതി, അന്താരാഷ്‌ട്ര വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഗുണം ചെയ്യും. ഈ വ്യാഴമാറ്റം തൊഴിൽ മേഖലയിലും വാസ സ്ഥലത്തിലും ചില മാറ്റങ്ങൾക്ക് കാരണമാകും. ജോലി സ്ഥലത്തെ മാറ്റം, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങൾ സംഭവിക്കാം. വിഷു സംക്രമം മുതൽ വ്യാഴപ്രീതി വരുത്തുന്നത് ഈ വ്യാഴമാറ്റത്തിന്റെ ഗുണഫലങ്ങൾ ലഭിക്കാൻ സഹായിക്കും. വ്യാഴ സ്ഥാനത്തിനനുസരിച്ചു നീല വസ്ത്രം ധരിക്കുക, പച്ചപ്പയർ, നെയ്യ് എന്നിവ ദാനം ചെയ്യുകയൊക്കെ വഴി വ്യാഴപ്രീതി ഉണ്ടാക്കിയെടുക്കാം. 2025 മാർച്ചിലെ ശനിയുടെ മാറ്റം ഇടവക്കൂറുകാർക്ക് ചില സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. ധാരാളം തൊഴിലാളികൾ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന രീതിയിൽ അവർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയോ പുതിയ വ്യാപാരം ആരംഭിക്കുകയോ ചെയ്യാം. മിഥുനക്കൂറുകാർക്ക് ഈ ശനിയുടെ മാറ്റം തൊഴിൽപരമായ ചില പ്രശ്നങ്ങൾക്ക് കാരണമാകും. ജോലിയിൽ തടസ്സങ്ങൾ, തൊഴിൽ നഷ്ടം, തൊഴിൽസ്ഥലത്തെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംഭവിക്കാം.
ഈ ഫലങ്ങൾ വ്യക്തിയുടെ ജനന സമയം , ജന്മകർമ്മം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ബുധൻ, വ്യാഴം, ശുക്രം എന്നീ ഗ്രഹങ്ങളുടെ ദശാപഹാര സമയത്ത് മകയിരം നക്ഷത്രക്കാർക്ക് ചില പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ദോഷഫലങ്ങൾ കുറയ്‌ക്കുന്നതിനായി ചില പരിഹാരങ്ങൾ ചെയേണ്ടതാകുന്നു. കുജദോഷം കുറയ്‌ക്കുന്നതിനായി കുജപ്രീതി വരുത്തേണ്ടതാകുന്നു. ഏതു പാദത്തിൽ ജനിച്ചു എന്ന് കണക്കു നോക്കി ദുർബലമായ ഗ്രഹങ്ങളെ പ്രീതിപ്പെടുത്തണം. ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഗുണം ചെയ്യും. മകയിരം, ചിത്തിര, അവിട്ടം ദിവസങ്ങളിൽ സുബ്രഹമണ്യ ഭജനവും, കുജൻ യുഗ്മ രാശിയിൽ എങ്കിൽ ഭദ്രകാളി ഭജനവും നടത്തുക. ചൊവ്വാഴ്ചയും മകയിരവും ചേരുന്ന ദിവസം അംഗാരകപൂജ നടത്തുക. മകയിരം ഇടവക്കൂറുകാർ ശുക്രനെ പ്രീതിപ്പെടുത്തുക. മകയിരം മിഥുനക്കൂറുകാർ ബുധനെ പ്രീതിപ്പെടുത്തുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















