തിരുവനന്തപുരം: വളർത്തുനായയെ ഉപദ്രവിച്ച വിവരം പൊലീസിൽ അറിയിച്ച യുവതിയ്ക്ക് നേരെ ആക്രമണം. പോത്തൻകോട് സ്വദേശി മിനിമോൾക്കാണ് മർദ്ദനമേറ്റത്. ഇവരുടെ പരാതിയിൽ അയൽവാസികളായ ശ്രീകാന്ത്, വിജേഷ് ബാബു, സിബി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ വളർത്തുനായയെ പ്രതികൾ ഉപദ്രവിച്ചെന്നും ഇത് തടയാൻ ശ്രമിക്കുന്നതിനിടെ തന്നെയും മർദ്ദിച്ചു എന്നാണ് മിനിയുടെ പരാതി.
തന്റെ വളർത്തുനായയുടെ കഴുത്തിൽ ശ്രീകാന്ത് കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇത് കണ്ട് മിനി പ്രതികളെ തടയാൻ ശ്രമിച്ചു. പ്രതികൾ പിന്മാറുന്നില്ലെന്ന് കണ്ടതോടെ മിനി പൊലീസിൽ വിവരം അറിയിച്ചു. ഇത് പ്രതികളെ ചൊടിപ്പിച്ചു. തുടർന്ന് വീട്ടിലെത്തിയ മൂന്നംഗ സംഘം മിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും മുഖത്തടിക്കുകയും ചെയ്തു. ഇക്കാര്യം പൊലീസിൽ അറിയിച്ചാൽ വീടിന് നേരെ ബോംബ് എറിയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.