ഈ വിഷു സംക്രമം പൂയം നക്ഷത്രക്കാർക്ക് വളരെയധികം ഗുണകരമായ ഫലങ്ങൾ കൊണ്ടുവരും. തൊഴിൽ, സാമ്പത്തിക രംഗങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ അനുയോജ്യമായ സമയമാണിത്. ഈ വർഷം തൊഴിലിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ഒരുപാടു അവസരങ്ങൾ മുന്നിൽ വരും. 2023 മുതൽ നേരിട്ടേക്കാവുന്ന പ്രതിസന്ധികൾക്ക് മാറ്റം വന്നു സമാധാനപരമായ ജീവിതം നയിക്കാൻ സാധിക്കും. എന്നിരുന്നാലും, പിതാവ് അല്ലെങ്കിൽ മറ്റേതെങ്കിലും അടുത്ത ബന്ധുവിന് ആയുർദോഷം വരെ സംഭവിക്കാം. സഹോദരങ്ങളിൽ നിന്ന് സഹായവും സഹകരണവും ലഭിക്കും. സർക്കാർ ജോലിയിൽ ഉള്ളവർക്ക് സ്ഥാനക്കയറ്റവും മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായി പിരിഞ്ഞു താമസിക്കുന്ന സർക്കാർ ജീവനക്കാർക്ക് പങ്കാളിയുടെ അടുത്തേക്ക് സ്ഥലംമാറ്റം ലഭിക്കാനും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സാധ്യതയുണ്ട്. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം അനുകൂലമാണ്. ദമ്പതികൾ തമ്മിലുള്ള ഐക്യവും ധാരണയും വർദ്ധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിലും വിവാഹത്തിലും സന്തോഷകരമായ തീരുമാനങ്ങൾ എടുക്കാൻ ഈ വർഷം അനുയോജ്യമാണ്. വിഷു സംക്രമം ദൈവാനുഗ്രഹം വർദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സാമ്പത്തികവും തൊഴിൽപരവുമായ പുതിയ അവസരങ്ങൾ വന്നു ചേരും. മേലധികാരികളിൽ നിന്ന് പ്രീതിയും പ്രോത്സാഹനവും ലഭിക്കാൻ സാധ്യതയുണ്ട്. നിശ്ചയദാർഢ്യത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുന്നത് എല്ലാ മേഖലകളിലും വിജയം നേടാൻ സഹായിക്കും. ഈ വർഷം ബന്ധുജന സമാഗമം, മനസ്സമാധാനം, വിവാഹ സാധ്യത, ദമ്പതികൾ തമ്മിലുള്ള ഐക്യം എന്നിവയും വർദ്ധിക്കും. പിതാവിന്റെയോ തതുല്യരായ മറ്റു ബന്ധുക്കളുടെയോ ആരോഗ്യം ശ്രദ്ധിക്കുക. അവരുടെ ജാതക നിരൂപണം നടത്തി പരിഹാര കർമ്മങ്ങൾ നിറവേറ്റുക.ദേഷ്യം നിയന്ത്രിക്കുകയും ക്ഷമയോടെ പെരുമാറുകയും ചെയ്യുക. പുതിയ നിക്ഷേപങ്ങളിൽ ഏർപ്പെടുന്നതിനുമുമ്പ് വിദഗ്‌ദ്ധ ഉപദേശം തേടുക. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും വിലമതിക്കുകയും അവരോട് മര്യാദയോടെ പെരുമാറുകയും ചെയ്യുക. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുകയും അവരുടെ പിന്തുണ നേടുകയും ചെയ്യുക. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കുന്നതിനും ജീവിതം ആസ്വദിക്കുന്നതിനും ശ്രമിക്കുക.
പൂയം നക്ഷത്രത്തിലെ “കാലിൽ കാല്” ദോഷം ശ്രദ്ധിക്കേണ്ടത് ആണ്. ഈ ദോഷം നാല് തരത്തിൽ സംഭവിക്കാം. ജാതകൻ ഒന്നാംപാദത്തിൽ ജനിച്ചാൽ അവനവനെ തന്നെ ദോഷിക്കും. രണ്ടാംപാദത്തിൽ ജനിച്ചാൽ അച്ഛനെ ദോഷിക്കും. മൂന്നാംപാദത്തിൽ ജനിച്ചാൽ അമ്മയെ ദോഷിക്കും. നാലാംപാദത്തിൽ ജനിച്ചാൽ അമ്മാവനെ ദോഷിക്കും. ഈ നാല് ദോഷങ്ങളിൽ ഒന്നാംപാദത്തിലെ “കാലിൽ കാല്” ദോഷം ഏറ്റവും ദോഷകരമായി കണക്കാക്കപ്പെടുന്നു. കാരണം, ഒന്നാംപാദം ജാതകന്റെ സ്വന്തം ജീവിതത്തെ പ്രതിനിധീകരിക്കുന്നു. ഈ പാദത്തിൽ “കാലിൽ കാല്” ദോഷം സംഭവിച്ചാൽ ജാതകന് ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും.
ഓരോ നക്ഷത്രത്തിനും 4 പാദങ്ങളുണ്ട്, ഓരോ പാദവും 15 നാഴിക വീതമാണ്. ഒരു പാദത്തെ വീണ്ടും 4 ആയി ഭാഗിച്ചാൽ 3 ¾ നാഴിക ലഭിക്കും. ജാതകൻ ഈ 3 ¾ നാഴികയിൽ ജനിച്ചാൽ “കാലിൽ കാല്” ദോഷം സംഭവിക്കും. എന്നാൽ, ചന്ദ്രന് ബലമുണ്ടെങ്കിൽ ഈ ദോഷം കുറയുകയോ ഇല്ലാതാകുകയോ ചെയ്യും. ചന്ദ്രന് ബലമില്ലെങ്കിൽ മാത്രമേ ഈ ദോഷം ഗുരുതരമായി കണക്കാക്കൂ. ഇപ്രകാരം, ബുധനാഴ്ചയും പ്രഥമ തിഥിയും ഒരുമിക്കുന്ന ദിവസം കാലിൽ കാല് വരുകയും കർക്കിടക ലഗ്നത്തിൽ ചന്ദ്രനും നിൽക്കുകയും, ചന്ദ്രന് ബലകുറവും, ശുഭ ദൃഷ്ടി ഇല്ലാതെ വരുകയും ചെയ്താൽ പൂയത്തിനു കൂറുദോഷം ഉണ്ടെന്നു കരുതണം.
ദോശ പരിഹാരം ചെയ്യാത്ത പക്ഷം ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും. കുടുംബത്തിൽ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഒക്കെയും ഉണ്ടാകാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇതൊക്കെ ഒഴിവാക്കാനായി ജാതകം പരിശോധിപ്പിച്ച് പരിഹാരം കണ്ടെത്തുക. ഗ്രഹദോഷങ്ങൾക്ക് പരിഹാരം കാണുന്ന യന്ത്രങ്ങൾ ധരിക്കുക. പൂയം നക്ഷത്രത്തിലെ “കാലിൽ കാല്” ദോഷം ഒരു ഗുരുതരമായ പ്രശ്നമാണെങ്കിലും, ജ്യോതിഷപരമായ പരിഹാരങ്ങൾ നിർവഹിക്കുന്നതിലൂടെ ഈ ദോഷം ഒഴിവാക്കാൻ സാധിക്കും.
9 വയസ്സുവരെയുള്ള ശനി കാലത്ത് ജാതകന്റെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർക്ക് ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ തുടങ്ങിയ ദോഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലർക്ക് അടുത്ത ബന്ധുക്കളുടെ വിയോഗം വരെ ഉണ്ടായേക്കാം. ഈ ദശാ കാലത്ത് ജാതകന് ബാലാരിഷ്ടതയ്‌ക്ക് പരിഹാരം ചെയ്താൽ ഒരുവിധം ദുരിതങ്ങൾക്ക് ശാന്തി ഉണ്ടാകും. എന്നാൽ കുടുംബത്തിന് കൃഷി, വളർത്തുമൃഗങ്ങൾ, പക്ഷി വളർത്തൽ തുടങ്ങിയ മേഖലകളിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. കുഞ്ഞാണെങ്കിലും കുടുംബം വിട്ടു താമസിക്കുവാൻ യോഗം കാണുന്നു. ഇത് വിദ്യാഭ്യാസത്തിനായി പോകുന്നത് പോലുള്ള കാരണങ്ങളാൽ ആകാം. വിദ്യാഭ്യാസത്തിൽ ഉയർച്ചയോ താഴ്ചയോ ഇല്ലാതെ ഒരു ആവറേജ് വിദ്യാർത്ഥിയായിരിക്കും പൂയം നക്ഷത്രക്കാർ പൊതുവെ. ഈ ദശാ കാലത്ത് ജാതകന്റെ വിദ്യാഭ്യാസത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ല. കുട്ടിയുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പഠിക്കാൻ ആവശ്യമായ സഹായം നൽകുകയും ചെയ്യുക.
26 വയസ്സുവരെയുള്ള ബുധദശാകാലത്ത് വ്യക്തിക്ക് വിദ്യാഭ്യാസപരമായും തൊഴിൽപരമായും വളരെയധികം ഗുണഫലങ്ങൾ ലഭിക്കും. ഈ ദശാ കാലത്ത് വിദ്യാഭ്യാസത്തിൽ വളരെ വലിയ പുരോഗതി ഉണ്ടാകും. പുതിയ കാര്യങ്ങൾ പഠിക്കാനും അറിവ് നേടാനും വളരെയധികം താല്പര്യം ഉണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടാൻ സാധ്യതയുണ്ട്. ചിലർക്ക് വിദ്യാഭ്യാസത്തിൽ ഉയർന്ന സ്ഥാനം നേടാൻ സാധിക്കും. വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് ധന സമ്പാദനത്തിൽ താല്പര്യം ഉണ്ടാകാം. എന്നാൽ, വിദ്യാഭ്യാസം തുടരണം. സംസാര പ്രാധാന്യമുള്ള തൊഴിലിൽ വിജയിക്കാൻ സാധ്യതയുണ്ട്. അധ്യാപകൻ, അഭിഭാഷകൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ തുടങ്ങിയ തൊഴിലുകൾ അനുയോജ്യമാണ്. ബുദ്ധിപരമായ കഴിവുകൾ ഉപയോഗിച്ച് ധനം സമ്പാദിക്കാൻ സാധിക്കും. ചിലർക്ക് സാഹിത്യകാരന്മാരായി പേരും പ്രശസ്തിയും നേടാൻ സാധിക്കും. ഈ സമയത്തു ഉത്തമ വിവാഹം നടക്കാൻ സാധ്യതയുണ്ട്. സന്തുഷ്ടവും സമൃദ്ധവുമായ ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കും. സന്താന ഭാഗ്യം സിദ്ധിക്കും. കുടുംബത്തിൽ അഭിവൃദ്ധിയും മംഗളകർമ്മങ്ങളും ഉണ്ടാകും. ഗണിതത്തിൽ പ്രത്യേക താല്പര്യം ജനിക്കുകയും അതൊരു ഒരു വരുമാന മാർഗമായി മാറ്റാൻ സാധിക്കും. ഈ ദശാ കാലത്ത് നിർബന്ധമായും മദ്യപാനം ഒഴിവാക്കണം. മദ്യപാനം ഉണ്ടെങ്കിൽ ഈ ഫലങ്ങളെല്ലാം വിപരീതമായി മാറും. വാക്കുകളിൽ മിതത്വം പാലിക്കണം. അമിതമായി സംസാരിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. ബുദ്ധിപരമായ കഴിവുകൾ ഉപയോഗിച്ച് ജീവിതത്തിൽ വിജയിക്കാൻ ശ്രമിക്കുക. ലഹരി ഉപേക്ഷിക്കുകയും നല്ല വാക്കുകൾ സംസാരിക്കുകയും ചെയ്യുക.
33 വയസ്സുവരെയുള്ള കേതു ദശാകാലത്ത് കേതുവിന്റെ സ്ഥാനം അടിസ്ഥാനപ്പെടുത്തി ജീവിതത്തിൽ പല പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാക്കാൻ സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അപകട സാധ്യതയുണ്ട്. അൾസർ പോലുള്ള രോഗങ്ങൾ ശ്രദ്ധിച്ചു ചികിത്സിക്കണം. അനാദൃമെങ്കിൽ മാരക രോഗങ്ങളിലേക്ക് നയിച്ചേക്കാം. ലഹരി പദാർത്ഥങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് നല്ലതാണ്. ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ അതീവ ജാഗ്രത പാലിക്കണം. ജീവിതത്തിൽ കാര്യമായ പുരോഗതി ഉണ്ടാകില്ല എങ്കിലും നിരാശയിൽ വീണു പോകരുത്. ജീവിതത്തിൽ വിജയിക്കാൻ കഠിനാധ്വാനവും പരിശ്രമവും ആവശ്യമായ സമയമാണ് എന്ന് മാത്രം തിരിച്ചറിയുക. വരവിനേക്കാൾ ചെലവ് കൂടുതലായി ധന പ്രശ്നങ്ങൾ ഉണ്ടാകാം. അവിഹിത ബന്ധം, ലഹരി, ചൂതുകളി എന്നിവ ധനനഷ്ടവും മാനഹാനിയും വരുത്തും. വീട് വിട്ടു മാറി താമസിക്കേണ്ടി വന്നേക്കാം. ചിലർക്ക് വിവാഹം നടന്നേക്കാം. വളരെ പക്വതയോടെ വേണം ഈ കാലയളവിൽ കാര്യങ്ങൾ കൈകാര്യം ചെയേണ്ടത്. ജാതക നിരൂപണം നടത്തി കേതു നിൽക്കുന്ന ഭാവം അനുസരിച്ച് പരിഹാരങ്ങൾ ചെയ്യുക.
33 വയസ്സുവരെയുള്ള കേതു ദശയ്‌ക്ക് ശേഷമുള്ള 53 വയസ്സുവരെയുള്ള ശുക്രദശാകാലത്ത് ശുക്രന്റെ സ്ഥാനം ജീവിതത്തിൽ സന്തോഷം, സമ്പത്ത്, വിവാഹം, കല, വിദേശയാത്ര എന്നിവയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ചില വഴിത്തിരിവുകൾ ഈ സമയത്ത് സംഭവിക്കാം. കേതു ദശയിൽ അനുഭവിച്ച എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. എന്നാൽ സംഭവിച്ച നഷ്ടങ്ങൾ അതുപോലെ തന്നെ തുടരും. ചെറിയ പരിശ്രമം കൊണ്ട് തന്നെ വലിയ നേട്ടങ്ങൾ ഉണ്ടാകും. ലൗകിക ജീവിതത്തിനു വേണ്ടുന്ന എല്ലാം ധാരാളമായി വന്നു ചേരും. ഈ കാലയളവിൽ സന്താനങ്ങളുടെ വിവാഹം നല്ല നിലയിൽ നടത്താൻ സാധിക്കും. സ്ത്രീസുഖം ധാരാളമായി ലഭിക്കും. കലാകാരന്മാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ദർശനം ലഭിക്കും.അന്യസ്ത്രീ ബന്ധം വഴി നാശം ഉണ്ടാകാം. വേണ്ടപ്പെട്ടവരുടെ വിയോഗം ദുഖിപ്പിക്കും. വിദേശയാത്ര നടത്താൻ യോഗം ഉണ്ട്. കിഡ്നി രോഗങ്ങൾ, പ്രമേഹം, അസ്ഥി തേയ്മാനം, കാല്മുട്ടുകൾക്ക് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. ദശാനാഥനെ പ്രീതിപ്പെടുത്താൻ ദാനധർമ്മങ്ങൾ ചെയ്യുക, ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, പൂജകൾ നടത്തുക എന്നിവ ചെയ്യുന്നത് നല്ലതാണ്.
60 വയസ്സ് വരെ നീണ്ടുനിൽക്കുന്ന നിങ്ങളുടെ സൂര്യദശയിൽ, ഒരു ഉയർന്ന അധികാര പ്രാപ്തിയുള്ള സർക്കാർ ഉദ്യോഗസ്ഥനുമായി താരതമ്യപ്പെടുത്താവുന്ന സ്വാധീനവും അധികാരവും ലഭിച്ചേക്കാം. രാഷ്‌ട്രീയത്തിലെ ഒരു കരിയറിന് ഇത് അനുകൂലമായ കാലഘട്ടമാണ്, ഒരു ബഹുമാന്യനായ നേതാവാകാനുള്ള യോഗമുണ്ട്. എവിടെയും മാന്യത, ആദരവ് ഒക്കെയും ലഭിക്കും. ജാതകന് മുൻകൈ എടുത്തു പല നല്ല പ്രവൃത്തികൾ ചെയുന്ന സമയം ആണ്. എന്നിരുന്നാലും, തല, ആമാശയം, നേത്രരോഗങ്ങൾ എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കുക. വൈകാരിക ക്ലേശം നിങ്ങളുടെ കുടുംബത്തിൽ പിരിമുറുക്കം ഉണ്ടാക്കും. മക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയാണെങ്കിൽ, കൂടുതൽ കഷ്ടപ്പാടുകൾ ഒഴിവാക്കാൻ എത്രയും പെട്ടന്ന് അവ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുക. ദേഷ്യത്തോടുള്ള പെരുമാറ്റം നിയന്ത്രിക്കുക, അല്ലെങ്കിൽ ഒറ്റപ്പെട്ട വാർദ്ധക്യം നേരിടേണ്ടി വന്നേക്കും. സൂര്യദശയുടെ ഗുണഫലങ്ങൾ ജാതകത്തിലെ സൂര്യന്റെ ബലത്തെ ആശ്രയിച്ചിരിക്കുന്നു. സൂര്യൻ പ്രബലനാണെങ്കിൽ, ഈ കാലഘട്ടം പ്രയോജനകരമായിരിക്കും.
ഏകദേശം 70 വയസ്സ് വരെയുള്ള ചന്ദ്രദശയിൽ, വ്യക്തികൾക്ക് സാധാരണയായി മാനസിക വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഈ കാലഘട്ടത്തിൽ, വ്യക്തിക്ക് വികാരങ്ങൾ, ഓർമ്മകൾ, ചിന്തകൾ എന്നിവയിൽ മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം. ഈ മാറ്റങ്ങൾക്ക് കാരണം പലതും ആകാം, ഹോർമോണൽ മാറ്റങ്ങൾ, ജീവിതത്തിലെ സമ്മർദ്ദങ്ങൾ, അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ. അമാവാസി മുതൽ പൗർണ്ണമി വരെയും തിരിച്ചും ചന്ദ്രൻ കടന്നുപോകുന്നതുപോലെ, ജീവിതത്തിലെ അനുഭവങ്ങളും ഈ കാലഘട്ടത്തിൽ വ്യതിയാനം പ്രാപിക്കാൻ സാധ്യതയുണ്ട്. അമാവാസി മുതൽ പൗർണ്ണമി വരെയുള്ള ചന്ദ്രന്റെ വളർച്ചാ ഘട്ടം, സാധാരണയായി ഗുണകരമായ ഫലങ്ങൾ നൽകുന്നു.
പൗർണ്ണമി മുതൽ അമാവാസി വരെയുള്ള ചന്ദ്രന്റെ ക്ഷയ ഘട്ടം, ദോഷകരമായ ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. ചന്ദ്രബലം വർദ്ധിക്കുന്നതിനും തിഥികളുടെ വെളുത്ത പക്ഷത്തിനും കറുത്ത പക്ഷത്തിനും അനുസരിച്ച്, ഈ വ്യതിയാനങ്ങൾ ഗുണഫലങ്ങളും ദോഷഫലങ്ങളും ഉൾക്കൊള്ളും. ചിലർക്ക് ധനസമ്പാദ്യം, കുടുംബത്തിൽ വിവാഹം, ജനനം തുടങ്ങിയ മംഗളകരമായ സംഭവങ്ങൾ ഉണ്ടാകാം. മാതൃബന്ധുക്കളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലഘട്ടത്തിൽ ശാക്തേയ ആരാധനയിൽ താൽപ്പര്യം വളർന്നേക്കാം. ഉത്കണ്ഠ, വിഷാദം, ഏകാന്തത, ഉറക്കമില്ലായ്മ തുടങ്ങിയവ ഈ കാലഘട്ടത്തിൽ സ്വാഭാവികം ആണ്. വ്യാഴാഴ്ചയും പൗർണ്ണമിയും പൂയവും ചേർന്ന ദിവസം ജനിച്ചവർക്ക് ഈ കാലഘട്ടത്തിൽ രാജയോഗം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ വരുന്ന മെയ് മാസത്തെ വ്യാഴമാറ്റം പിണങ്ങി പോയ പലരെയും തിരികെ കൊണ്ടുവരുമെന്നും സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നും പ്രവചിക്കുന്നു. എന്നാൽ അടുത്ത വർഷത്തെ ശനിമാറ്റത്തിൽ അഷ്ടമശ്ശനി മാറുമെങ്കിലും, അതുവരെയും ജീവിതപങ്കാളിയുടെ ആയുരാരോഗ്യത്തിന് പ്രതികൂല സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഈ കാലയളവിൽ ശ്രദ്ധാലുവായി പരിഹാരങ്ങൾ തേടേണ്ടതാണ്. കൂടാതെ, ശനിമാറ്റം കഴിഞ്ഞാൽ പിതാവിന് ദുരിതങ്ങൾ ഉണ്ടായേക്കാം. പിതാവിന്റെയും ജീവിതപങ്കാളിയുടെയും ജാതക ഗണനം നടത്തി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.
കേതു, ചൊവ്വ, സൂര്യ ദശകളിൽ പൂയം നക്ഷത്രക്കാർ ദോഷപരിഹാരം ചെയ്യണം. അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രങ്ങളിലും നക്ഷത്ര ദിവസങ്ങളിലും ക്ഷേത്രദർശനം നടത്തുക. നവഗ്രഹങ്ങളിൽ ശനിയെയും ചന്ദ്രനെയും പ്രീതിപ്പെടുത്തുക. ശാസ്താ ഭജനം നടത്തുക. ശനിയും പൂയവും കൂടി വരുന്ന ദിവസം ശാസ്താ പൂജ നടത്തുക. മകരത്തിലെ പൗർണ്ണമിക്ക് ദേവിയെ പൂജിക്കുക. എല്ലാ ശനിയാഴ്ചകളിലും അരയാലിനു 7 പ്രദക്ഷിണം വയ്‌ക്കുക. ഹനുമാനെ നിത്യവും സ്മരിക്കുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്യുക. ഈ ഉപദേശങ്ങൾ പിന്തുടരുന്നത് ദോഷഫലങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ സഹായിക്കും. പരിഹാര നിർദേശങ്ങൾ അനുസരിച്ചാൽ ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ഉണ്ടാകുകയും മെച്ചപ്പെടുകയും ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണെന്ന് ഓർക്കേണ്ടത് പ്രധാനമാണ്. ഓരോ വ്യക്തിയുടെയും ജനന ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് ഈ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുന്നതിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നിലവിലെ ദശാപഹാരം, ഗ്രഹനിലകൾ, യോഗങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും. ഓരോ വ്യക്തിയുടെ ജീവിതത്തിലും വ്യത്യസ്ത ദശകൾ ഉണ്ടാകും. ഓരോ ദശയും വ്യത്യസ്ത അനുഭവങ്ങളും ഫലങ്ങളും നൽകും. ജാതക നിരൂപണം നടത്തുന്നതിലൂടെ നിങ്ങൾ ഇപ്പോൾ ഏത് ദശയിലാണ്, ആ ദശ എപ്പോൾ അവസാനിക്കും, ആ ദശയിൽ നിങ്ങൾക്ക് എന്തൊക്കെ ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട് എന്നിവ അറിയാൻ സാധിക്കും. നിങ്ങളുടെ ജാതകത്തിൽ ദോഷകരമായ ഗ്രഹസ്ഥിതികളുണ്ടെങ്കിൽ അവ ഏതൊക്കെയാണ്, അവ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നിവ ജാതക നിരൂപണം വഴി അറിയാൻ സാധിക്കും. ഗ്രഹദോഷങ്ങളുടെ ദോഷഫലങ്ങൾ കുറയ്‌ക്കുന്നതിനും നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഉള്ള പരിഹാരങ്ങൾ ജാതക നിരൂപണം വഴി നിർദ്ദേശിക്കാൻ സാധിക്കും. ഓർക്കുക, ജാതകം ഒരു ശാസ്ത്രമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഒരു നല്ല ജ്യോതിഷിയെ സമീപിക്കുക.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Vishu Prediction 2024 by Jayarani E.V















