വിഷു സംക്രമം അനിഴം നക്ഷത്രക്കാർക്ക് തൊഴിൽ, വിദ്യാഭ്യാസം, പ്രണയം, വിവാഹം എന്നീ മേഖലകളിൽ സന്തോഷകരമായ വാർത്തകൾ കൊണ്ടുവരും. ഈ ദിനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പുതിയ അവസരങ്ങളും പുരോഗതിയും തുറന്നു തരും. തൊഴിൽ തേടുന്നവർക്ക് അനുകൂല തൊഴിലവസരങ്ങൾ ലഭിക്കും. നിലവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം പോലുള്ള ഉയർച്ച ലഭിക്കും. വിഷുവിനു ശേഷം തൊഴിലിൽ ഉന്നത സ്ഥാനത്തിൽ എത്താൻ സാധ്യത ഉണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ സാധിക്കും. പരീക്ഷകളിൽ വിജയിക്കാനും ഉന്നത വിദ്യാഭ്യാസം നേടാനും അവസരം ലഭിക്കും. പ്രണയത്തിൽ ഉള്ളവർക്ക് സന്തോഷകരമായ വാർത്തകൾ ലഭിക്കും. പ്രണയബന്ധം കൂടുതൽ ദൃഢമാകും. വിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം ആണ്. വിവാഹാലോചനകൾ വിജയിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എന്നാൽ പങ്കാളിയുടെ ആരോഗ്യം വളരെ ശ്രദ്ധിക്കണം. പൊതുവിൽ കാര്യതടസങ്ങൾ നീങ്ങും. ശത്രുക്കൾ ശല്യപ്പെടുത്തുന്നത് കുറയും .കച്ചവടക്കാർക്ക് ധനലാഭം ലഭിക്കും.
1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി:
9 വയസ്സുവരെയുള്ള ശനി ദശാകാലം കുട്ടികൾക്ക് ചില വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുണ്ട്. മൃഗങ്ങളിൽ നിന്നും ചിലന്തികളിൽ നിന്നും വിഷം ഏൽക്കാനുള്ള സാധ്യതയുണ്ട്. കുട്ടികളെ എപ്പോഴും ശ്രദ്ധയോടെ നോക്കുകയും അവർക്ക് അപകടം സംഭവിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക. ചിലരുടെ മാതാപിതാക്കൾക്ക് പുതിയ ഭൂമി ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചിലരുടെ മാതാപിതാക്കൾക്ക് ജോലി സ്ഥലംമാറ്റം ഉണ്ടാകുകയും അഗ്നിബാധ, വീഴ്ച, ആശുപത്രി വാസം എന്നിവ അനുഭവിക്കേണ്ടി വരുകയും ചെയ്യും. ബന്ധുമിത്രാദികൾക്ക് വിവാഹം നടക്കുന്ന കാലമാണ്. ജനിച്ച നാട്ടിൽ നിന്നും മാറി ദൂരദേശത്ത് പോകാനുള്ള സാധ്യതയും ഉണ്ട്. ശനിയുടെ ഗൃഹനില സ്ഥാനം അനുസരിച്ച് ഈ ഫലങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ശനിയെ പ്രീതിപ്പെടുത്താൻ ശനിയാഴ്ച ശനിക്ഷേത്രത്തിൽ ദർശനം നടത്തുക. നവഗ്രഹ പൂജ നടത്തുക. ഹനുമാൻ ചാലിസ പോലുള്ള മന്ത്രങ്ങൾ ചൊല്ലുക. ദാനധർമ്മങ്ങൾ നടത്തുക. നിരാലംബരും അഗതികളുമായവരെ സഹായിക്കുക.
26 വയസ്സു വരെയുള്ള ബുധദശ ഭൂരിഭാഗം ആളുകൾക്കും പഠനത്തിൽ മികച്ച വിജയം നേടാൻ അനുയോജ്യമായ കാലമാണ്. ഭൂരിഭാഗം ആളുകൾക്കും പഠനത്തിൽ മികച്ച വിജയം ലഭിക്കും. പരീക്ഷകളിൽ വിജയിക്കാനും ഉന്നത വിദ്യാഭ്യാസം നേടാനും അവസരം ലഭിക്കും. ചിലർക്ക് കോളേജുകൾ വഴി ക്യാമ്പസ് സെലക്ഷൻ ലഭിക്കും. സാഹിത്യപ്രവർത്തനം വഴി ധനസമ്പാദനം ലഭിക്കും. എഴുത്തുകാരും കഥാകൃത്തുക്കളും ഈ ദശയിൽ നന്നായി വളരും. അപാരമായ ബുദ്ധിശക്തി പ്രകടിപ്പിക്കുന്നത് മൂലം ഗുരു ജനങ്ങളുടെ അനുഗ്രഹം ലഭിക്കും. സമൂഹത്തിൽ ബുദ്ധിശാലിയും വിദഗ്ധനുമായി പരിഗണിക്കപ്പെടും. മറ്റുള്ളവർക്ക് മാതൃകയാക്കേണ്ട രീതിയിലുള്ള പഠനം ആയിരിക്കും ഇവർക്ക് ഉണ്ടാവുന്നത്. അവരുടെ പഠനരീതിയും വിജയവും മറ്റുള്ളവരെ പ്രചോദിപ്പിക്കും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളിൽ നിന്നും അവാർഡുകളും സമ്മാനങ്ങളും ലഭിക്കുവാൻ അവസരം ഉണ്ടാകും .അവരുടെ നേട്ടങ്ങൾക്ക് അംഗീകാരം ലഭിക്കും. കലാകായിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ വ്യക്തിമുദ്ര അവസരം വന്നു ചേരും. അവരുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കുകയും അവർക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യും.
33 വയസ്സുവരെയുള്ള കേതു ദശ ചിലരുടെ ജീവിതത്തിൽ ഉൾക്കാഴ്ചയും വെല്ലുവിളികളും നേട്ടങ്ങളും നിറഞ്ഞതായിരിക്കും. ചിലർക്ക് ജീവിതത്തെക്കുറിച്ചും അവരുടെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചും കൂടുതൽ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കും. മാതാപിതാക്കൾ, ജീവിതപങ്കാളി, സുഹൃത്തുക്കൾ എന്നിവരുടെ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കും .ചിലരുടെ ജീവിതത്തിൽ അന്യസ്ത്രീ ബന്ധം കാരണം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. അത്തരം ബന്ധങ്ങളിൽ വളരെ ശ്രദ്ധാലുവായിരിക്കുകയും തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കുകയും ചെയ്യുക. ചിലർക്ക് തനിക്ക് തന്നെയോ ജീവിതപങ്കാളിക്കോ കുട്ടികൾക്കോ മാതാപിതാക്കൾക്കോ അസുഖങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ചിലർക്ക് സത്പുത്രലാഭം, ഭൂമിലാഭം, ധനലാഭം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാനും തൊഴിലിൽ ഉയർച്ച ലഭിക്കുവാനും ഇടയാകും. വിദേശ യാത്ര നടത്താൻ സാധ്യതയുണ്ട്.
53 വയസ്സുവരെയുള്ള ശുക്ര ദശാകാലം പൊതുവേ ആരോഗ്യപരമായും മാനസികമായും സാമ്പത്തികമായും പുരോഗതി ദൃശ്യമാകുന്ന ഒരു സന്തോഷകരമായ കാലമായിരിക്കും. പൊതുവേ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ജീവിതപങ്കാളിക്ക് ഉണ്ടായിരുന്ന അസുഖങ്ങൾ മാറുന്ന സമയമാണ്. എന്നാൽ പിതാവിനോ ബന്ധുക്കൾക്കോ മരണമോ സംഭവിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗ്ഗങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മനസ്സ് സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. ഈ ദശയിൽ നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും ആത്മവിശ്വാസവും ലഭിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പുതിയ പ്രണയബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ മക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നവീന ഗൃഹ യോഗം, പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹന ഭാഗ്യം എന്നിവ ഉണ്ടാവാൻ ഇടയുണ്ട്. സാമൂഹിക ജീവിതത്തിൽ നിങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കും. ചിലർക്ക് പിത്ത രോഗം, കിഡ്നി സ്റ്റോൺ, പ്രമേഹം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
60 വയസ്സുവരെയുള്ള സൂര്യ ദശ ചില വെല്ലുവിളികളും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു കാലമായിരിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിരോധവും കലഹവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും അടുത്ത ബന്ധുജനങ്ങൾക്ക് രോഗാവസ്ഥ ഉണ്ടാകും. പൊതുവേ കുടുംബത്തിൽ സമ്മർദ്ദവും അസ്വസ്ഥതയും അനുഭവപ്പെടും. അപ്രതീക്ഷിതമായി സർക്കാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രതികൂല അനുഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. രോഗ പീഡ, പരിഭ്രമം, അടക്കാൻ പറ്റാത്ത കോപം സഹിക്കേണ്ടി വരിക എന്നിവയെല്ലാം അനുഭവത്തിൽ വരും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. രാഷ്ട്രീയത്തിൽ പുരോഗതി നേടാൻ സാധ്യതയുണ്ട്. സൂര്യനെ പ്രീതിപ്പെടുത്താൻ ഞായറാഴ്ച ക്ഷേത്രത്തിൽ ദർശനം നടത്തുക. സൂര്യ നമസ്കാരം ചെയ്യുക.
2024 ഇലെ വ്യാഴ മാറ്റം ദാമ്പത്യ സുഖം കൊണ്ട് വരും. ആരോഗ്യപരമായി നന്നായിരിക്കും. 2025 മാർച്ച് മാസത്തിലെ ശനിമാറ്റം അമ്മയും അമ്മവീട്ടുകാരുമായുള്ള പിണക്കങ്ങൾ ഒക്കെ മാറി സന്തോഷത്തിൽ ആകും. സൂര്യൻ, ചൊവ്വ, കേതു എന്നീ ദശകളിൽദോഷപരിഹാരക്രിയകൾ ചെയേണ്ടതാകുന്നു .അടുത്തുള്ള ശിവക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദിവസവും ദർശനം നടത്തുന്നത് നല്ലതാണ്.
സൂര്യൻ, ചൊവ്വ, കേതു എന്നീ ദശകളിൽ ദോഷ പരിഹാരക്രിയകൾ ചെയേണ്ടതാകുന്നു. ശനിയാഴ്ചയും അനിഴം നക്ഷത്രം വരുന്ന ദിവസം ക്ഷേത്രത്തിൽ ദർശനം നടത്തി വൃതം അനുഷ്ഠിക്കുകയും ശനീശ്വര പൂജ നടത്തുകയും വേണം. ചൊവ്വയുടെ സ്ഥിതി അനുസരിച്ച് സുബ്രഹ്മണ്യ സ്വാമിയെയോ ഭദ്രകാളിയെയോ പ്രീതിപ്പെടുത്തണം. ഉത്രട്ടാതി, പൂയം, അനിഴം നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഭക്തിയോടെ വഴിപാടുകൾ നടത്തുക. ഹനുമാൻ ചാലിസ വായിക്കുന്നത് ദോഷങ്ങളിൽ നിന്ന് രക്ഷ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനിയാഴ്ചകളിൽ ദരിദ്രർക്കും പാവപ്പെട്ടവർക്കും ഭക്ഷണം നൽകുന്നത് വിജയം, ഭാഗ്യം, സമൃദ്ധി എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനിയാഴ്ചകളിൽ കറുപ്പും നീലയും നിറങ്ങളിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നതും നല്ലതാണ്. പശുക്കൾക്ക് ഭക്ഷണം നൽകുകയും അവയെ കുളിപ്പിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ ഉയർച്ചയ്ക്ക് കാരണമാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനും സാധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Vishu Prediction 2024 by Jayarani E.V