ഈ വർഷത്തെ വിഷുസംക്രമം നിരവധി ഗുണങ്ങൾ കൊണ്ടുവരും. ഉദ്യോഗാർത്ഥികൾക്ക് പുതിയ വാതിലുകൾ തുറക്കപ്പെടും,അവരുടെ കരിയറിൽ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. പ്രണയ ജീവിതം സുഗമമാകും, ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും നിറയും. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച വിജയം നേടാനും കഴിയും. ഗുരുജനങ്ങളുടെ കൃപ ലഭിക്കും, അവരുടെ മാർഗനിർദേശം ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നു തരും. സന്താന സംബന്ധമായ കാര്യങ്ങളിൽ സന്തോഷം കൈവരും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ശത്രുക്കളെ മറികടക്കാനും അവരുടെ ദുഷ്ട സ്വാധീനത്തിൽ നിന്ന് രക്ഷ നേടാനും കഴിയും. കൃഷിയിൽ ലാഭം ലഭിക്കും, നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. ഉന്നത സ്ഥാനങ്ങൾ നേടാനും സമൂഹത്തിൽ പ്രശസ്തി നേടാനും ഈ വർഷം അനുകൂലമാണ്.
പൊതുപ്രവർത്തകർക്ക് ബഹുമതിയും ബന്ധുമിത്രങ്ങളിൽ നിന്ന് സാമ്പത്തിക സഹായവും ലഭിക്കും. സുഹൃത്തുക്കളുടെ പിന്തുണയോടെ ആഗ്രഹങ്ങൾ സഫലമാകും. തടസ്സങ്ങളെ മറികടക്കാനുള്ള ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും. വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച വിജയം നേടാനും സാധ്യതയുണ്ട്. ഗവേഷണ പ്രവർത്തനങ്ങൾക്ക് പൂർത്തീകരണം ലഭിക്കും. ജീവിത പങ്കാളിക്ക് തൊഴിൽ ലഭിക്കാനോ ഉയർച്ച നേടാനോ സാധ്യതയുണ്ട്. ഭൗതികതയോടുള്ള ആകർഷണം കുറഞ്ഞ് ആദ്ധ്യാത്മികതയിൽ താൽപ്പര്യം വളരും. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ കുടുംബ സുഹൃത്തുക്കളുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെടും. സംരംഭങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും. രോഗികൾക്ക് ആശ്വാസവും ഓൺലൈൻ ബിസിനസ്സിൽ ലാഭവും പ്രതീക്ഷിക്കാം.
1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി
കേതുദശയിൽ ജനിക്കുന്ന നക്ഷത്രക്കാരുടെ ജീവിതത്തിന്റെ ആദ്യ മൂന്നര വർഷം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ജനനത്തിന് ശേഷം ഉടൻ തന്നെ അവർക്ക് ഏതെങ്കിലും തരത്തിലുള്ള അണുബാധയോ അസുഖമോ ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കൾക്ക് രോഗം, പിതാവിന് ജോലി നഷ്ടം, അമ്മയ്ക്ക് വാതം അല്ലെങ്കിൽ ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. ചില സന്ദർഭങ്ങളിൽ, മാതാപിതാക്കളുടെ ബന്ധുക്കൾക്ക് മരണസമാനമായ അവസ്ഥയോ മരണമോ സംഭവിക്കാം. ധാരാളം പണം സമ്പാദിക്കാൻ സാധ്യതയുണ്ടെങ്കിലും, അതേ അളവിൽ ചെലവും ഉണ്ടാകും. ചിലപ്പോൾ, മാതാപിതാക്കൾക്ക് കോടതി വ്യവഹാരങ്ങളിൽ അകപെടേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം തന്നെ ചില നല്ല ഫലങ്ങളും ഉണ്ടാകും. കേതു ദശയിൽ വ്യാഴത്തിന്റെ അപഹാര സമയത്ത് ഒരു സഹോദരൻ/സഹോദരി ജനിക്കാൻ സാധ്യതയുണ്ട്. ഭൂമി ലാഭം, ധനലാഭം, കോടതി വ്യവഹാരങ്ങളിൽ അനുകൂല വിധി എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.
ശുക്രദശയിൽ 23 വയസ്സ് വരെയുള്ള ഈ ദശയിൽ പ്രണയം വളരെ നേരത്തെ ജീവിതത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില പ്രണയ ബന്ധങ്ങളിൽ പരാജയം നേരിടേണ്ടി വന്നേക്കാം. യുവതീ യുവാക്കൾക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനമെടുക്കാനും അനുയോജ്യമായ വിവാഹ ബന്ധം കണ്ടെത്താനും സാധിക്കും. മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എതിർത്ത പ്രണയങ്ങൾ പോലും അവരുടെ സമ്മതത്തോടെ വിവാഹത്തിൽ എത്താൻ സാധ്യതയുണ്ട്. ഈ ദശയിൽ സന്താനലബ്ധി സാധ്യതയുണ്ട്. പുതിയ തൊഴിൽ അവസരങ്ങൾ വന്നു ചേരും. ചിലർക്ക് ശുക്രന്റെ അവസ്ഥയനുസരിച്ച് ചില രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കലാപരമായും വിദ്യാഭ്യാസപരമായും വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ചിലരുടെ സംസാര രീതിയിൽ വളരെ പ്രത്യേകതകൾ ഉണ്ടാകും. ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടാനും വിദേശത്തും സ്വദേശത്തും നല്ല തൊഴിൽ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. വീട്, വാഹനം, ആഭരണം തുടങ്ങിയ സമ്പാദ്യങ്ങൾ ഉണ്ടാകും. ചിലർക്ക് മദ്യപാനം, സ്ത്രീകളോടുള്ള താൽപ്പര്യം എന്നിവയിൽ വർദ്ധനവ് ഉണ്ടാകാം. ചിലർക്ക് തങ്ങളേക്കാൾ താഴ്ന്ന നിലയിലുള്ള ആളുകളുമായി സഹവസിക്കാൻ താൽപ്പര്യം ഉണ്ടാകാം.
ഉദ്ദേശം 30 വയസു വരെയുള്ളവർക്ക് ആദിത്യ ദശയിൽ ജീവിത പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അപ്രതീക്ഷിതമായ പെരുമാറ്റം പ്രതീക്ഷിക്കാം. അവരുമായുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വീട് ലോൺ എടുത്തവർക്ക് സർക്കാരിൽ നിന്ന് പ്രതികൂലമായ അവസ്ഥ സംജാതമാകും. കൂട്ടുബിസിനസുകളിൽ വൻ പരാജയം നേരിടേണ്ടി വന്നേക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അപവാദം നേരിടേണ്ട അവസ്ഥ സംജാതമാകും. പിതാവിനോ പിതൃ ബന്ധുക്കൾക്കോ രോഗമോ മരണമോ സംഭവിക്കാം. അടുത്ത സുഹൃത്തുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ ആശുപത്രിവാസം, അപകടമരണം എന്നിവ വരാൻ സാധ്യതയുണ്ട്. ചിലർക്ക് സൂര്യതാപം ഏൽക്കാനും അഗ്നി വഴി അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. അമിതമായ ദേഷ്യം, ഉത്കണ്ഠ എന്നിവ പല തരത്തിലുള്ള ആപത്തും വിളിച്ചുവരുത്തും. പോലീസ്, സാഹസീക പ്രവർത്തന മേഖലകളിൽ ജോലി ചെയ്യുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണിത്. പ്രതികളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ കൈ അബദ്ധം സംഭവിക്കാനും അത് വിവാദമാകാനും സാധ്യതയുണ്ട്.
ഉദ്ദേശം 40 വയസു വരെയുള്ളവർക്ക് ചന്ദ്രദശയിൽ ധാരാളം ഭൂസ്വത്തു സമ്പാദിക്കാൻ സാധ്യതയുണ്ട്. വീട് പണിയുക, വാഹനം വാങ്ങുക തുടങ്ങിയ കാര്യങ്ങൾ നടക്കും. ചിലർക്ക് വിദേശത്ത് നല്ല രീതിയിൽ ധന സമ്പാദനം നടത്താൻ സാധ്യതയുണ്ട്. സർവ്വ കാര്യങ്ങളും സാധിച്ചെടുക്കുന്ന കാലമായിരിക്കും ഇത്. ജീവിത പങ്കാളി, ബിസിനസ്സ് പങ്കാളി എന്നിവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. മനസ്സ്, അമ്മ, സുഖം, കീർത്തി എന്നിവയുടെ കാരകനാണ് ചന്ദ്രൻ. അതിനാൽ ഈ ദശയിൽ ഈ കാര്യങ്ങളിൽ എല്ലാം ഒരു പ്രതിഫലനം കിട്ടും. ജാതകത്തിൽ ചന്ദ്രന്റെ ഭാവം അനുസരിച്ചു ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. അമ്മ വഴി വളരെ അധികം സഹായ സഹകരണങ്ങൾ ഉണ്ടാകുന്ന കാലമാണ്. ഈ സമയത് അമ്മയോട് കൂടുതൽ പ്രതിബദ്ധത തോന്നുന്ന സമയം ആണ്. സൗന്ദര്യ വർദ്ധക വസ്തുക്കളോടും വെള്ളി ആഭരണങ്ങളോടും താൽപ്പര്യം കൂടും. എന്നാൽ ചന്ദ്ര ദശയിലെ ശനിയുടെഅപഹാര സമയങ്ങളിൽ വളരെ അധികം ദുരിതം അനുഭവിക്കേണ്ടിവരുന്ന അവസരങ്ങൾ ഉണ്ടാകും. വീട്ടിൽ മരണ സമാനമായ ദുരിതങ്ങൾ പോലും നേരിടേണ്ടി വരുന്ന സ്ഥിതി വിശേഷം ഉണ്ടാവും. മാനസികവും ശാരീരികവുമായും വളരെ അധികം വൈകാരീക മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.
47 വയസു വരെയുള്ളവർക്ക് ചൊവ്വ ദശയിൽ അഗ്നി, ഇലക്ട്രിസിറ്റി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പേരും പ്രശസ്തിയും വന്നുചേരും. പട്ടാളം, പോലീസ്, മറ്റ് സന്നദ്ധ സേനാവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കർമ്മ മേഖലയിൽ കൂടുതൽ പ്രവർത്തിക്കേണ്ട അവസ്ഥ സംജാതമാകും. ചിലർക്ക് കളവ്, വഞ്ചന, ക്രൂര പ്രവർത്തികൾ എന്നിവയിൽ താൽപ്പര്യം കൂടും. ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം നോക്കിയാൽ ചിലർക്ക് കൊലപാതകം, വ്യഭിചാരം എന്നിവ വരെ ചെയ്യാനുള്ള യോഗം ഉണ്ടാകും. സഹോദര സ്ഥാനത്തിന് വളരെ അധികം പ്രാധാന്യം ഉണ്ടാകും. ഈ കാലയളവിൽ ചിലർക്ക് ഗർഭാശയ രോഗം, രക്തസ്രാവം എന്നിവ ഉണ്ടാകുകയും സർജറി വരെ ഉണ്ടാവാൻ സാധ്യത ഉള്ള കാലമാണ്. പ്രേമേഹം ഉള്ളവർ ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. എവിടെയെങ്കിലും മുറിവ് വന്നത് പിന്നീട് പഴുത്തു വ്രണം ആകാൻ സാധ്യത ഉണ്ടാകുകയും അത് അംഗ വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്യും. ഉഷ്ണ രോഗങ്ങൾ വരികയും അതിന് ചികിത്സ ആവശ്യമായി വരികയും ചെയ്യും. റിയൽ എസ്റ്റേറ്റ്, മറ്റ് കൃഷി എന്നിവ നടത്തുന്നവർക്ക് വരുമാന സാധ്യത വർദ്ധിക്കും. പുതിയ ഭൂമി വാങ്ങാനും ഈ കാലത്തു യോഗമുണ്ട്. ഗ്രഹനിലയിൽ ഭാര്യയുടെയും ഭർത്താവിന്റെയും ചൊവ്വ നിൽക്കുന്ന സ്ഥാനം നോക്കി പരിഹാര കർമ്മം ചെയ്തിലെങ്കിൽ വൈധവ്യം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. ചിലർക്ക് ശത്രുക്കളെ കൊണ്ട് വളരെ അധികം ഉപദ്രവം ഉണ്ടാവും തുടർന്ന് ഉദ്ദേശം 65 വയസു വരെയുള്ളവർക്ക് രാഹുർദശയിൽ വളരെ അധികം കഷ്ട്ടനഷ്ട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സന്താനങ്ങളെ കൊണ്ട് ദുഃഖം വരുന്ന അവസ്ഥ ഉണ്ടാകും. ചിലർക്ക് സന്താനങ്ങളെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അഗ്നിയിൽ നിന്നും വൈദ്യുതിയിൽ നിന്നും അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. വിദേശ ഭാഷയിൽ പരിജ്ഞാനം നേടാൻ സാധിക്കും. മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ടവർക്ക്, ഔഷധ വ്യാപാരം നടത്തുന്നവർക്ക് വളരെയധികം മെച്ചം ഉണ്ടാകുന്ന കാലമാണ്. ചിലർക്ക് സർപ്പഭയം ഉണ്ടാവാൻ സാധ്യതയുണ്ട്. ത്വക്ക് രോഗങ്ങൾ, തുമ്മൽ, പൊടിയിൽ നിന്നുള്ള അലർജി, നേത്രരോഗം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ഭാര്യക്ക് അസുഖങ്ങൾ ഉണ്ടാവാനും മരണ സമാനമായ അവസ്ഥകൾ ഉണ്ടാവുകയും ചെയ്യും. സ്വത്തുമായി ബന്ധപ്പെട്ട് ബന്ധുജനങ്ങളുമായി കലഹത്തിനും അഭിപ്രായ വ്യത്യാസത്തിനും ഇട വരുവാൻ കാരണമാകും. സർക്കാർ തലത്തിൽ നിന്നുള്ള ശിക്ഷണം, ദാമ്പത്യ വിരഹം, കൃഷിനാശം, ധന ശോഷണം, തൊഴിലിൽ അനുഭവപ്പെടുന്ന വിഷമതകൾ എന്നിവയ്ക്ക് പുറമേ ഉഷ്ണ സംബന്ധമായ അസുഖങ്ങളും ബാധിച്ചേക്കാം.
ഈ കാലയളവിലെ പ്രധാന രണ്ടു രാശി മാറ്റങ്ങളിൽ 2024 മെയ് മാസത്തിലെ വ്യാഴമാറ്റം മൂലം നക്ഷത്രക്കാർക് ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർ ഒന്ന് കരുതി ഇരിക്കുക. എന്നാൽ 2025 ഇലെ ശനി മാറ്റം കണ്ടകശ്ശനിയുടെ ആരംഭം കുറിക്കും. ശനി നിൽക്കുന്ന ഭാവം നോക്കി വേണം പരിഹാര കർമ്മങ്ങൾ നിശ്ചയിക്കാൻ.
ചൊവ്വ, വ്യാഴം, സൂര്യൻ എന്നീ ഗ്രഹങ്ങളുടെ ദശകളിൽ ദോഷങ്ങൾ അനുഭവപ്പെടുന്നവർക്ക് ഫലപ്രദമായ പരിഹാരങ്ങൾ നടത്തേണ്ടതാണ്. നവഗ്രഹങ്ങളെ പ്രീതിപ്പെടുത്താനും, പ്രത്യേകിച്ച് കേതുവും ഗുരുവും, ഈ ദോഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. അശ്വതി, മകം, മൂലം നക്ഷത്ര ദിവസങ്ങളിൽ ശ്രീകൃഷ്ണ, വിഷ്ണു, ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുക. മൂലവും വ്യാഴവും ഒത്തുവരുന്ന ദിവസം വ്രതം ആചരിച്ച് വിഷ്ണുക്ഷേത്രദർശനം നടത്തുക. ചുവപ്പ്, കറുപ്പ്, സ്വർണ്ണ നിറങ്ങൾ പരമാവധി ഉപയോഗിക്കുക. മന്ദാരത്തിന്റെ വേര് വലതു കൈയിലോ കഴുത്തിലോ കെട്ടുക. പാലും പാലുൽപ്പന്നങ്ങളും, ഇരുമ്പ് എന്നിവ ദാനം ചെയ്യുക. 11 നാരങ്ങകൾ കൊണ്ട് മാല ഉണ്ടാക്കി ഭദ്രകാളിക്ക് സമർപ്പിക്കുക. കുരങ്ങുകൾക്ക് ശർക്കര നൽകുക. സന്താന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ക്ഷേത്രത്തിലേക്ക് കറുപ്പും വെളുപ്പും ഉള്ള പുതപ്പ് ദാനം ചെയ്യുക. മുതിർന്ന ആളുകളെയും വയ്യാതെ കിടക്കുന്നവരെ സേവിക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനും സാധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Vishu Prediction 2024 by Jayarani E.V