പട്ന: ബീഹാറിൽ അമിത വേഗത്തിലെത്തിയ ഓട്ടോ ക്രെയിനിൽ ഇടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിൽ. പട്നയിലെ റംലഖൻ പാതയിലാണ് സംഭവം. പട്ന മെട്രോ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന ക്രെയിനിലാണ് ഓട്ടോയിടിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ ക്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ നാല് പേരും മൂന്ന് പേർ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ഓട്ടോ ക്രെയിനിൽ ഇടിക്കുന്നതിന് മുമ്പ് നിയന്ത്രണം വിട്ട് നീങ്ങുന്നത് കാണാം.