മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ 50 ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയായെന്നാണ് സൂചന. വിദേശത്തെ ചിത്രീകരണം പൂർത്തിയായ വിവരം നേരത്തെ സംവിധായകൻ പൃഥ്വിരാജ് അറിയിച്ചിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂൾ ഇനി കേരളത്തിൽ ആരംഭിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി.
View this post on Instagram
തിരുവനന്തപുരത്തും കൊച്ചിയിലുമാകും ഷൂട്ടിംഗ് നടക്കുക. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളും കേരളത്തിലായിരിക്കും. മോഹൻലാലിന്റെ ഇൻട്രോ സീൻ ഉൾപ്പടെ കേരളത്തിലായിരിക്കും ചിത്രീകരിക്കുക. കഴിഞ്ഞ ഒക്ടോബറിലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ ഷെഡ്യൂൾ നടന്നത് ലഡാക്കിലായിരുന്നു. രണ്ടാം ഷെഡ്യൂൾ യുകെയിലും മൂന്നാം ഷെഡ്യൂൾ അമേരിക്കയിലുമായിരുന്നു നടന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന മോഹൻ ലാൽ കഥാപാത്രത്തിന്റെ പൂർവകാലമാകും ചിത്രത്തിലെ ഏറിയ പങ്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.