ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ മധുര പലഹാരങ്ങളോടെ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ഇതിൽ പ്രധാനമാണ് ചോക്ലേറ്റുകൾ. ഏതൊരു സന്തോഷ നിമിഷത്തിലും അൽപം മധുരം പകരണമെന്നാണ് പ്രശസ്ത ചോക്ലേറ്റ് കമ്പനികളുടെ പരസ്യങ്ങളിൽ പോലും പറയുന്നത്. ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെങ്കിലും മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ഗുണമാണെന്ന് പഠനങ്ങൾ പറയുന്നു.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കാം. ഇത് കഴിക്കുന്നത് ഊർജ്ജം പകരുന്നതിനും ഉണർവിനും നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഗുണകരമാണ്. എന്നാൽ ഇവ അമിതമായാൽ ശരീരത്തിന് ഒരുപാട് ദോഷങ്ങളുണ്ടെന്നും പ്രമേഹം പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ഇതുപോലെ വളർത്തു മൃഗങ്ങൾക്ക് ഇത്തരം മധുര പലഹാരങ്ങൾ നൽകുന്നത് അവയെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് പുതിയ കണ്ടെത്തൽ.
ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള തിയോബ്രോമിൻ, കഫൈൻ എന്നീ ഘടകങ്ങൾ വളർത്തു മൃഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഉയർന്ന അളവിൽ ഇത്തരം ഘടകങ്ങൾ മൃഗങ്ങളുടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും ഇവയുടെ രോമം കൊഴിയുന്നതിനും വഴിവയ്‌ക്കുന്നു. മനുഷ്യരെ പോലെ തന്നെ ചോക്ലേറ്റുകളും മധുര പലഹാരങ്ങളും അമിതമായി കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് വളർത്തു മൃഗങ്ങൾ. എന്നാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം പെറ്റ് ഫുഡുകൾ മാത്രം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.