മലയാള സിനിമ പ്രക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് ശോഭനയും മോഹൻലാലും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എന്നും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ് . നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ നായികയായി ശോഭന മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്.
” വർഷങ്ങൾക്ക് ശേഷം ഒരു മലയാളം സിനിമ ചെയ്യാൻ പോകുന്ന ആകാംക്ഷയിലാണ് ഞാൻ. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജപുത്രാ രഞ്ജിത്താണ് സിനിമ നിർമിക്കുന്നത് . എന്റെ ഹീറോ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കൻ സാധിക്കുന്നുണ്ടോ? അതേ അത്, ശ്രീ. മോഹൻലാലാണ് . ലാൽജിയുടെ 360ാം ചിത്രമാണ്. ഞങ്ങൾ ഒരുമിച്ചുള്ള 56ാമത് സിനിമയും. ഒരുപാട് എക്സൈറ്റ്മെന്റുണ്ട് . സിനിമ നിങ്ങൾക്ക് ഇഷ്ടമാവുമെന്ന് കരുതുന്നു,” ശോഭന പറഞ്ഞു.
പത്തനംതിട്ട റാന്നിയിലെ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.
15 വർഷങ്ങൾക്കുശേഷമാണ് ശോഭനയും മോഹൻലാലും ഒരുമിച്ചഭിനയിക്കുന്നത്. 2009-ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കിയിലാണ് ഇതിനുമുൻപ് ഒന്നിച്ച് അഭിനയിച്ചത്. പക്ഷെ ചിത്രത്തിൽ മനോജ് കെ ജയനാണ് ശോഭനയുടെ ജോഡി. 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്.