വയനാട്: അമേഠിയിൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലെത്തി മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണ് രാഹുലെന്നും രാജ്യത്തെ വിഭജിച്ച് ഭരിക്കുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും നദ്ദ വിമർശിച്ചു. വയനാട്ടിൽ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയയും രാഹുലും നാഷണൽ ഹെറാൾഡ് കേസിൽ ജാമ്യത്തിലാണ്. എന്തിനാണ് രാഹുൽ സിഎഎ എതിർക്കുന്നത്. രാജ്യം നിരോധിച്ച പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെയാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായും എസ്ഡിപിഐയുമായും ഒത്തു പോകുന്നതിന് കോൺഗ്രസിനും കമ്യൂണിസ്റ്റിനും യാതൊരുവിധ ബുദ്ധിമുട്ടുമില്ല. രാഹുലും സോണിയയും യെച്ചൂരിയും ഡി.രാജയും ഒരുമിച്ചാണ് ഡൽഹിയിൽ ഇരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുകയാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം. കെ.സുരേന്ദ്രനെ വിജയിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് വിജയിപ്പിക്കുന്നതെന്നും നദ്ദ പറഞ്ഞു.