സണ്ണിവെയ്നെയും വിനയ്ഫോർട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളായി ഒരുങ്ങുന്ന ചിത്രം പെരുമാനിയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടീസർ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. യുവ സംവിധായകനായ മജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയ് ഫോർട്ട് വളരെ വ്യത്യസ്തമായെത്തുന്ന കഥാപാത്രത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരുന്നു.
ഒരു ഗ്രാമപ്രദേശത്തിന്റെയും അവിടെ ജീവിക്കുന്ന സാധാരണക്കാരുടെയും കഥ പറയുന്ന ചിത്രമാണ് പെരുമാനി. ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കിയിരുന്നു. സംവിധായകനായ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സണ്ണിവെയ്ൻ, വിനയ് ഫോർട്ട് എന്നീ യുവതാരങ്ങളോടൊപ്പം ലുക്കമാനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ദീപ തോമസ്, രാധിക, വിജിലേഷ്, നവാസ് വള്ളിക്കുന്ന് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.