വേനൽക്കാലത്ത് ചായ കുടിക്കാൻ പാടില്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ ചൂടിൽ കൂളാക്കുന്ന ചില ചായകളുമുണ്ട്. ഈ ചായകൾ ചൂടിൽ നിന്ന് ആശ്വാസം നൽകും, ശരീര താപനില കുറയ്ക്കും. ആദ്യം വൈരുധ്യം തോന്നിയാലും ശരീരത്തെ തണുപ്പിക്കുന്ന ചായകളും ഉണ്ടെന്നതാണ് വസ്തുത. അത്തരം ചില ചായകളെ പരിചയപ്പെടാം…
ചെമ്പരത്തി ചായ
നിറയെ ഗുണങ്ങളുള്ള ചായയാണ് ചെമ്പരത്തി ചായ. പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കുന്നതിനും താപനില കുറയുന്നതിനും സഹായിക്കും. ചൂടോടെയും തണുപ്പിച്ചും ചെമ്പരത്തി ചായ കുടിക്കാവുന്നതാണ്. സബ്ദാരിഫ എന്ന ഇനത്തിൽപ്പെട്ട ചെമ്പരത്തി ചെടിയിലെ പൂക്കളാണ് സാധാരണയായി ചായ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ചെമ്പരത്തി പൂക്കൾ ഉണങ്ങിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഈ ഔഷധ ചായ തയ്യാറാക്കുന്നത്.
ഗുണങ്ങൾ
- ഫ്രീ റാഡിക്കലുകളുടെയും ആൻ്റി -ഓക്സിഡന്റുകളുടെയും കലവറയായതിനാൽ രോഗങ്ങളിൽ നിന്ന് ചെറുത്തു നിൽക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
- രക്തസമ്മർദ്ദവും രക്തത്തിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.
- ശരീരഭാരം കുറയ്ക്കുന്നു.
- കരളിന്റെ ആരോഗ്യത്തിന്
ചെമ്പരത്തി ചായ തയ്യാറാക്കുന്ന വിധം:
ഉണക്കിയ ചെമ്പരത്തി പൂക്കൾ തിളച്ച വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് തിളപ്പിക്കുക മാത്രമാണ് വേണ്ടത്. ആവശ്യമെങ്കിൽ മധുരം ചേർക്കാം. രുചിക്കായി കറുവപ്പട്ട, ഇഞ്ചി, നാരങ്ങാനീര് തുടങ്ങിയവയൊക്കെ ചേർക്കാവുന്നതാണ്. ടീ ബാഗുകളിലും ചെമ്പരത്തി ചായ പാക്ക് ലഭ്യമാണ്. ഇവ ചൂടുവെള്ളത്തിൽ കുതിർത്തി വെച്ചാൽ മാത്രം മതി.
തുളസി ചായ
ശരീരത്തിന് ചൂടുനൽകുന്ന സസ്യമാണ് തുളസിയെങ്കിലും മറ്റ് സസ്യങ്ങളുമായി കൂടിച്ചേരുമ്പോൾ തുളസി മികച്ച ഓപ്ഷനാണ്. പുതിനിയിലയും തുളസിയിലയും ചേർത്ത് ചായ ഉണ്ടാക്കുന്നത് ഉദാഹരണം. ശരീരത്തെ കൂളാക്കാൻ ഐസ്ഡ് തുളസി ചായ സഹായിക്കും.
ഗുണങ്ങൾ
- ശരീരത്തെ തണുപ്പിക്കുന്നതിനൊപ്പം സമ്മർദ്ദം കുറയ്ക്കാനും തുളസി ചായ സഹായിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
- പല്ലിന്റെയും വായയുടെയും ആരോഗ്യത്തിന്
- മൗത്ത് ഫ്രഷ്നറായി പ്രവർത്തിച്ച് വായ്നാറ്റം തടയാൻ സഹായിക്കുന്നു
തയ്യാറാക്കുന്ന വിധം
ചായയ്ക്ക് വെള്ളം തിളപ്പിക്കുമ്പോൾ തുളസിയില ചേർക്കാം. അല്ലെങ്കിൽ തുളസി ടീ ബാഗ് ഉപയോഗിക്കാം. ചായയിൽ ആവശ്യാനുസരണം ഇഞ്ചി, നാരങ്ങ എന്നിവയും ചേർക്കാവുന്നതാണ്. ചൂടാറുമ്പോൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കുടിക്കാവുന്നതാണ്.
ബാർലി ചായ
ചൂടിനെ ചെറുക്കുന്ന മികച്ച ധാന്യമാണ് ബാർലി. ചൂടിനെ അകറ്റുന്നതിനൊപ്പം സമ്മർദ്ദത്തെ പമ്പ കടത്താനും ബാർലി ചായ ബെസ്റ്റാണ്
ഗുണങ്ങൾ
- ആൻ്റി ഓക്സിഡന്റുകളുടെ കലവറയാണ് ബാർലി. രോഗങ്ങളിൽ നിന്ന് സംരക്ഷണമേകാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ബാർലി ചായയ്ക്ക് സാധിക്കും.
- രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
- ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു
- ഉറക്ക കുറവ് പരിഹരിക്കുന്നു
തയ്യാറാക്കുന്ന വിധം
വറുത്ത് പൊടിച്ച ബാർലിയാണ് ചായ ഉണ്ടാക്കാൻ വേണ്ടത്. തിളിച്ച വെള്ളത്തിൽ 10 മിനിറ്റ് ബാർലി കുതിർത്തുക. ശേഷം അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. നാരങ്ങാ നീരും തേനും ആവശ്യമെങ്കിൽ ചേർക്കാം. ബാർലി ടീ ബാഗും വിപണിയിൽ ലഭ്യമാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തോടെ മാത്രം ഇവ ശീലമാക്കുക.