സിനിമ- സീരിയൽ നടിയായും നർത്തകിയായും മലയാളികൾക്കിടയിൽ സുപരിചിതയാണ് താരാ കല്യാൺ. സമൂഹമാദ്ധ്യമങ്ങളിലും താരാ കല്യാൺ സജീവമാണ്. പല വീഡിയോയിലും അന്തരിച്ച ഭർത്താവിനെ കുറിച്ചുള്ള നൊമ്പരങ്ങളും താരാ കല്യാൺ പങ്കുവക്കാറുണ്ട്. ഭർത്താവ് രാജാറാമിന്റെ ജന്മദിനമായ ഇന്ന് താര സാമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാജാറാമിന്റെ ഓർമകളാണ് താരാ കല്യാൺ പങ്കുവക്കുന്നത്.
അടുത്തിടെ നടത്തിയ സർജറിക്ക് ശേഷം താരാ കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. സർജറിയെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ മകൾ സൗഭാഗ്യയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചെറിയ രീതിയിൽ ശബ്ദം തിരികെ കിട്ടാൻ തുടങ്ങിയിട്ടുണ്ട്. എഐ സംവിധാനം ഉപയോഗിച്ചാണ് താര വീഡിയോയിൽ സംസാരിക്കുന്നത്. തന്റെ ഭർത്താവ് ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ 60 വയസുണ്ടായേനെ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പഴയ ചിത്രങ്ങളും താരാ കല്യാൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
“ദൂരദർശനിലെ നെയ്ത്തുക്കാരനും രാജകുമാരിയും എന്ന ടെലിഫിലിമിന്റെ ഷൂട്ടിംഗ് സമയത്താണ് ഞാൻ ചേട്ടനെ ആദ്യമായി കാണുന്നത്. ഏതെങ്കിലും ഒരു നാളിൽ വലിയൊരു നടനാകും, വലിയ ഫ്ലക്സുകൾ വരും എന്നൊക്കെയാണ് പ്രതീക്ഷിച്ചിരുന്നത്. അവസാനം വരെ ആ ആഗ്രഹം സാധിക്കാതെ പോയി. എന്റെ ജീവിതത്തിൽ എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യനാണ്. ഷൂട്ടിംഗിന് പോകുമ്പോൾ ഈ സമയത്തിന് വരണം ഈ ഭക്ഷണം ഉണ്ടാക്കി തരണം എന്നൊന്നും വാശി പിടിച്ചിട്ടില്ല. അദ്ദേഹത്തോടൊപ്പമുള്ള എല്ലാം നല്ല ഓർമകൾ മാത്രമാണ്”- താരാ കല്യാൺ പറഞ്ഞു.