മലപ്പുറം: പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പൽ കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപ് ഡവലപ്മെൻറ് കോർപറേഷന്റെ സാഗർ യുവരാജ് കപ്പലാണ് കൊച്ചിൻ പോർട്ടിന്റെ ബർത്തിൽ എത്തിച്ചത്. കപ്പലിനെ കോസ്റ്റ് ഗാർഡ് കപ്പലും അനുഗമിച്ചിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മീൻ പിടിക്കുന്നതിനിടെയാണ് കപ്പൽ ബോട്ടിലിടിച്ചത്. ചാവക്കാട് തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കപ്പൽ ഇടിച്ചതിന് പിന്നാലെ ബോട്ട് രണ്ടായി പിളർന്നു. അമരം കപ്പലിനടിയിലേക്ക് പതിച്ചു. ബാക്കിയുള്ള ഭാഗം തലകീഴായി മറിയുകയായിരുന്നു. പൊന്നാനി സ്വദേശികളായ ഗഫൂർ, അബ്ദുൾ സലാം എന്നിവരാണ് മരിച്ചത്.















