ചെന്നൈ: തമിഴ്നാട്ടിൽ 3 ജില്ലകളിൽ ഞായറാഴ്ച്ച കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തേനി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം കന്യാകുമാരി, വിരുദുനഗർ, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി, ദിണ്ടിഗൽ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും മധുര, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി, പുതുക്കോട്ടൈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ കൂനൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ 17 സെന്റീമീറ്റർ മഴ പെയ്തിരുന്നു. മധുരയിലെ ഉസിലമ്പട്ടിയിൽ 9 സെൻ്റീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ തെങ്കാശിയിലെ ശിവഗിരി, കിൽ കോത്തഗിരി എസ്റ്റേറ്റ്, നീലഗിരിയിലെ ബർലിയാർ, തിരുപ്പൂരിലെ മടത്തുകുളം എന്നിവിടങ്ങളിൽ 8 സെൻ്റീമീറ്റർ വീതം മഴ പെയ്തു.ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഊട്ടി നിരീക്ഷണ കേന്ദ്രത്തിൽ ശരാശരി 3.8 സെൻ്റീമീറ്ററും കോയമ്പത്തൂരിൽ 3 സെൻ്റീമീറ്ററും മഴ രേഖപ്പെടുത്തി. വാൽപ്പാറ, ധർമപുരി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ശരാശരി 1.9 സെൻ്റീമീറ്ററും മഴ രേഖപ്പെടുത്തി.
ചെന്നൈയെ സംബന്ധിച്ചിടത്തോളം, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അവസാനിക്കുന്ന അടുത്ത 48 മണിക്കൂറിനുള്ളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവവസ്ഥാ കേന്ദ്രം പറയുന്നു.