തിരുവനന്തപുരം : മലയാളിയെ ഏറെ നൊമ്പരപ്പെടുത്തിയ നായകൻ ‘ കിരീടത്തിലെ സേതുമാധവൻ ‘ . സേതുവിനോളം മലയാളിയെ വേദനിപ്പിച്ച നായകനുണ്ടാകില്ല . സേതുമാധവന്റെയും , ദേവിയുടെയും പ്രണയത്തിന് സാക്ഷ്യം വഹിച്ച കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാകുന്നു . ലാലേട്ടന് പിറന്നാൾ സമ്മാനമെന്ന നിലയിൽ ഈ പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് ടൂറിസം–പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നത് .
1.22 കോടി രൂപ മുടക്കിയാണ് കിരീടം പാലം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. സിനി ടൂറിസം പ്രൊജക്ട്–കിരീടം പാലം അറ്റ് വെള്ളായണി എന്നാണ് പദ്ധതിയുടെ പേര്.
‘ മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.‘ എന്നാണ് മന്ത്രിയുടെ കുറിപ്പ്.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം 1989 ലാണ് പുറത്തിറങ്ങിയത് . ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. എം.ജി ശ്രീകുമാറിന് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു.















