കാർബണേറ്റഡ് പാനീയങ്ങൾക്ക് പകരം ഫ്രഷ് ജ്യൂസ് കുടിക്കണമെന്ന് നിർദേശിച്ച് ഐസിഎംആർ. കലോറിയും പഞ്ചസാരയും കുറവാണെന്ന് മാത്രമല്ല, വിവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ഫ്രഷ് ഫ്രൂട്ട് ജ്യൂസ്. ശീതള പാനീയങ്ങൾ എന്ന് വിളിക്കപ്പെടുന്ന കാർബണേറ്റഡ് പാനീയങ്ങൾ പൊണ്ണത്തടി, പ്രമേഹം, തലവേദന, അലർജി, ഹൃദ്രോഗം, ചില സന്ദർഭങ്ങളിൽ കാൻസർ എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ കാർബണേറ്റഡ് പാനീയങ്ങൾക്ക് പകരം ഫ്രഷ് ജ്യൂസ് ശീലമാക്കുക.
കാർബണേറ്റഡ് പാനീയങ്ങൾ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്?
കാർബണേറ്റഡ് പാനീയത്തിൽ അമിതയളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു, കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും ഇടയാക്കും. ഇവയിൽ പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, കൃത്രിമ സുഗന്ധങ്ങൾ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഫോസ്ഫോറിക്ക്, സിട്രിക്ക് ആസിഡ് എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ അസിഡിറ്റിക്കും കാരണമാകുന്നു.
മറിച്ച് ഫ്രഷ് ജ്യൂസ് എന്നത് പ്രകൃതിദത്ത പഴങ്ങളിൽ നിന്ന് തയ്യാറാക്കിയവയാണ്. ആയതിനാൽ പഞ്ചസാരയോ കൃത്രിമ വസ്തുക്കളോ അടങ്ങിയിട്ടില്ല. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. ഓറഞ്ച്, പൈനാപ്പിൾ, മാതളനാരങ്ങ, മാമ്പഴം എന്നിവ കൊണ്ടുള്ള ഫ്രഷ് ജ്യൂസുകൾ ആരോഗ്യദായകമാണ്.
ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്. സിന്തറ്റിക്ക് പാനീയങ്ങൾക്ക് ബദലായി മോര്, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്.