തിരുവനന്തപുരം: ജൂലൈ ഒന്നിന് സംസ്ഥാനത്തുടനീളമുള്ള കോളേജുകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കോളേജുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നാല് വർഷത്തെ ബിരുദ ഓണേഴ്സ് പ്രോഗ്രാം തുടങ്ങുന്നതിന്റെ ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
എംജി സർവകലാശാലയിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരുമായും മറ്റ് ഓഫീസർമാരുമായും നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂൾ പ്രവേശനത്തിന്റെ അതേ രീതിയിൽ നാട്ടിലെ ജനപ്രതിനിധികളെയും രക്ഷിതാക്കളെയും പ്രവേശോത്സവത്തിന് ക്ഷണിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
സംസ്ഥാനതല പരിപാടിയുടെ ലൈവ് പ്രദർശനം ഓരോ സ്ഥലത്തും നടത്താമെന്ന് മന്ത്രി പറഞ്ഞു. ബിരുദ ഓണേഴ്സ് പ്രോഗ്രാം ആരംഭിക്കുന്നത് കൊണ്ട് ആർക്കും ജോലി നഷ്ടപ്പെടില്ല. നിലവിലെ അദ്ധ്യാപകരെയും ജീവനക്കാരെയും നിലനിർത്തും. ലാംഗ്വേജ് പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ നടപ്പിലാക്കുമ്പോഴുള്ള പരാതികൾ വേഗത്തിൽ പരിഹരിക്കാൻ സർക്കാർ തലത്തിലും കോളേജ് തലത്തിലും സമിതി വേണമെന്നും മന്ത്രി നിർദേശിച്ചു.















