കോഴിക്കോട്: തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അണികളോടൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു.
കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ക്ഷേത്രദർശനം. ദർശനത്തിന് ശേഷം മാരാർജി ഭവനിലെത്തി ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കിയിരുന്നു.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും സിനിമാ നിർമാതാവുമായ പി വി ഗംഗാധരന്റെ വസതിയിൽ സന്ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും കണ്ണൂരിലേക്ക് തിരിക്കുക. ഇകെ നയനാനരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പത്നിയെ കാണും. ഇതിന് ശേഷമാണ് സുരേഷ് ഗോപി തൃശൂരിലേക്ക് പോകുന്നത്. സുരേഷ് ഗോപിയുടെ ക്ഷേത്ര ദർശനം അറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി ക്ഷേത്ര പരിസരത്തെത്തിയത്.