ന്യൂഡൽഹി: കോച്ചിൽ തീപിടിച്ചതായുള്ള വ്യാജ വാർത്തയെത്തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ മൂന്നു പേർക്ക് ദാരുണാന്ത്യം. സസാരം – റാഞ്ചി ഇന്റർസിറ്റി എക്സ്പ്രെസിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. നാലു പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ട്രെയിനിൽ രാത്രി വിശ്രമിക്കവേ കോച്ചിൽ തീപിടിച്ചതായി വാർത്ത പ്രചരിക്കുകയായിരുന്നു. തുടർന്ന് പരിഭ്രാന്തരായ കുറച്ചു പേർ ഝാർഖണ്ഡിലെ കുമൻ സ്റ്റേഷനിനടുത്തുവച്ച് ട്രയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇവരെ എതിരെ വന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ലത്തെഹർ ഡെപ്യുട്ടി കമ്മീഷണർ ഗരിമ സിംഗ് അറിയിച്ചു.