ന്യൂഡൽഹി: അപൂർവ്വമായ ശ്രവണ വൈകല്യം കൊണ്ട് താൻ ബുദ്ധിമുട്ടുകയാണെന്ന് ബോളിവുഡ് ഗായിക അൽക യാഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിശദമായ കുറിപ്പിലൂടെയാണ് ഗായിക ഇക്കാര്യം അറിയിച്ചത്. കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോഗാവസ്ഥയെ കുറിച്ചുമാണ് അൽകയുടെ കുറിപ്പ്.
ആഴ്ചകൾക്ക് മുമ്പ് നടത്തിയ ഒരു വിമാന യാത്രയ്‌ക്കുശേഷമാണ് തന്റെ കേൾവി ശക്തി നഷ്ടപ്പെട്ടതെന്ന് ഗായിക പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ
വൈറൽ ഇൻഫെക്ഷൻ മൂലംമുണ്ടാകുന്ന അപൂർവ്വമായ സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസാണെന്ന് തിരിച്ചറിഞ്ഞു. ആദ്യം പകച്ചു പോയെന്നും ആഴ്ചകൾ എടുത്താണ് സ്ഥിതിയുമായി പൊരുത്തപ്പെട്ടതെന്നും അൽക്ക പറയുന്നു. സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും ഗായിക കുറിച്ചു. ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നശീലമുള്ള ആരാധകരും സഹപ്രവർത്തകരും ശ്രദ്ധിക്കണമെന്നും അൽക കുറിപ്പിൽ പറയുന്നുണ്ട്.
കഴിഞ്ഞ കുറേ ആഴ്ചകളായി സമൂഹ മാദ്ധ്യമത്തിൽ അൽക്ക പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് ആരാധകർ നിരവധി സംശയങ്ങളാണ് ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് അൽക്കയുടെ കുറിപ്പ്.
ചെവിയുടെ ഉൾഭാഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ്. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായം തുടങ്ങിയവയൊക്കെ രോഗകാരണമാകാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള ഏകദേശം 1.1 ബില്യൺ യുവാക്കൾക്ക് രോഗം മൂലം ബുദ്ധിമുട്ടുന്നുണ്ട്.















