ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ ഒൻപത് മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് ചിലർ മദ്യം കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തലവേദന, ഛർദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
കളളക്കുറിച്ചിയിൽ ആറ് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളതെന്നാണ് വിവരം. മൂന്ന് മരണങ്ങൾ തൊട്ടടുത്ത സേലത്താണ് ഉണ്ടായത്. കളളക്കുറിച്ചിയിലെ കരുണാപുരത്താണ് ദുരന്തം ഉണ്ടായിരിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സൂപ്രണ്ട് സമയ് സിംഗ് മീണയെ സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി. ജില്ലാ കളക്ടർ ശ്രാവൺ കുമാർ ജടാവതിനെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
26 പേരെ ഛർദ്ദിയും വയറുവേദനയും ഉൾപ്പെടെയുളള അസ്വസ്ഥതകളുമായി കളളക്കുറിച്ചി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായി തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. ആശുപത്രിയിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനായി വില്ലുപുരം മെഡിക്കൽ കോളജിൽ നിന്നുൾപ്പെടെയുളള ഡോക്ടർമാരുടെ സംഘത്തെ കളളക്കുറിച്ചിയിലേക്ക് നിയോഗിച്ചിട്ടുണ്ട്.
സേലം, തിരുവണ്ണാമലൈ ജില്ലകളിൽ നിന്നുളള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയും കളളക്കുറിച്ചിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. പതിനെട്ടോളം പേരെ പുതുച്ചേരിയിലെ ജിപ്മാർ ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റിയതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനവും ശക്തമാകുകാണ്. സംസ്ഥാനത്ത് വ്യാജ മദ്യത്തിനെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ആവർത്തിക്കുന്ന ദുരന്തങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.