റാഞ്ചി; കളളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയ ഹേമന്ത് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രി പദത്തിലേക്ക്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചുകൊണ്ടുളള കത്ത് ചംപയ് സോറൻ ഗവർണർ സിപി രാധാകൃഷ്ണന് നൽകി. പിന്നാലെ മന്ത്രിസഭ രൂപീകരിക്കാൻ ഹേമന്ത് സോറൻ അവകാശവാദം ഉന്നയിച്ചു.
ഹേമന്ത് സോറൻ മടങ്ങിയെത്തിയതോടെ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കൻ തീരുമാനിച്ചതായും അതുകൊണ്ടാണ് രാജി നൽകിയതെന്നും ചംപയ് സോറൻ പറഞ്ഞു. ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്.
ഫെബ്രുവരി രണ്ടിനാണ് ജെഎംഎം നേതാവ് കൂടിയായ ചംപയ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ജനുവരി 31 നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. പല തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.
അഞ്ച് മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എന്നാൽ തന്നെ ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നുവെന്നും അഞ്ച് മാസം ജയിലിൽ കിടക്കാൻ നിർബന്ധിതമായെന്നും ആയിരുന്നു ഹേമന്ത് സോറന്റെ പ്രതികരണം.