ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്ന ബംഗ്ലാദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജാർഖണ്ഡ് കോടതി . അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശികളെ തിരിച്ചറിയാനും അവർക്കെതിരെ നടപടിയെടുക്കാനും നാടുകടത്താനുമുള്ള കർമപദ്ധതി തയ്യാറാക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.
ബുധനാഴ്ച ഡാനിയൽ ഡാനിഷിന്റെ ഹർജി പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് സുജിത് നാരായൺ പ്രസാദ്, ജസ്റ്റിസ് എ കെ റായി എന്നിവരുടെ ബെഞ്ച് ഈ നിർദ്ദേശങ്ങൾ നൽകിയത്. ബംഗ്ലാദേശിലെ നിരോധിത സംഘടനകൾ ചേർന്ന് ജാർഖണ്ഡിൽ നിന്നുള്ള ആദിവാസി പെൺകുട്ടികളെ ആസൂത്രിതമായി വിവാഹം കഴിച്ച് മതം മാറ്റുകയാണെന്ന് ഡാനിയൽ ഡാനിഷിന്റെ ഹർജിയിൽ പറയുന്നു . ഇത് തടയേണ്ടത് അനിവാര്യമാണ്.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സന്താൽ പർഗാന ജില്ലകളിലെ മദ്രസകളിൽ പെട്ടെന്നുള്ള വർധനവുണ്ടായതായും പറയപ്പെടുന്നു. പുതുതായി 46 മദ്രസകളുണ്ട്. ഈ മദ്രസകളിലൂടെ ദേശവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നുഴഞ്ഞുകയറ്റക്കാർ ഭൂമിയും കൈവശപ്പെടുത്തുന്നു.
എത്ര ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞു, എത്ര പേരെ തടഞ്ഞു, അവരെ തിരിച്ചയക്കാൻ എന്ത് ശ്രമങ്ങൾ നടക്കുന്നു തുടങ്ങിയ അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ഇതുകൂടാതെ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു. സംസ്ഥാന സർക്കാരുകൾക്ക് മാത്രം ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തിനൊപ്പം കേന്ദ്രവും പ്രവർത്തിക്കണം. അതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് എന്ത് നടപടി സ്വീകരിക്കാനാകുമെന്ന കാര്യവും റിപ്പോർട്ട് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.കേസിൽ അടുത്ത വാദം ജൂലൈ 18ന് നടക്കും.