ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്താനിലെ നോർത്ത് വസീരിസ്ഥാന് സമീപമുള്ള ബന്നു കൻ്റോൺമെൻ്റിലാണ് ഭീകരാക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹാഫിസ് ഗുൽ ബഹാദൂർ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് നോർത്ത് വസീരിസ്ഥാനിലെ പാക് സൈനിക കേന്ദ്രം സ്ഥിതിചെയ്യുന്നത്. പ്രത്യാക്രമണത്തിന്റെ ഭാഗമായി 10 ഭീകരരെ പാക് സൈനികർ വധിച്ചതായാണ് റിപ്പോർട്ട്.
അഫ്ഗാൻ ഭീകരർ ബന്നു കന്റോൺമെന്റ് കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാക് സൈനികർ വെടിയുതിർത്തിരുന്നു. തുടർന്നാണ് ഭീകരാക്രമണം നടന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കന്റോൺമെന്റിന്റെ ചുറ്റുമതിലിൽ ഇടിക്കുകയും മതിൽ തകരുകയും ചെയ്തതുവെന്നും റിപ്പോർട്ടുണ്ട്. സൈനിക കേന്ദ്രത്തിന്റെ പുറത്ത് കൂടുതൽ പാക് സൈനികരെ വിന്യസിച്ചിട്ടുണ്ട്.















