പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ ആഴ്ചയിൽ, മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന അപവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അവസാനമാകുകയും , തങ്ങളുടെ യഥാർത്ഥ പ്രതിഭയും കഴിവും പ്രകടിപ്പിക്കുവാനും അതൊക്കെ അംഗീകരിക്കപ്പെടുന്നതിനുള്ള സാഹചര്യങ്ങൾ തുറന്നു വരും. മേലധികാരികളുമായും സഹപ്രവർത്തകരുമായും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനും സൗഹാർദ്ദപരമായ പരസ്പര ധാരണയിലെത്താനും സാധിക്കും. തൊഴിൽ രഹിതർക്ക് തങ്ങളുടെ യോഗ്യതക്കും കഴിവിനും അഭിരുചിക്കും യോജിച്ച തൊഴിൽ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഈ വാരത്തിൽ മേടം രാശിക്കാരുടെ ദാമ്പത്യത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കുകയും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുകയും ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. ദൂരെയുള്ള കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ആഘോഷങ്ങളോ തീർത്ഥാടനങ്ങളോ ഉല്ലാസയാത്രകളോ ഈ കാലയളവിൽ പ്രതീക്ഷിക്കാം.
എന്നാൽ, അന്യ സ്ത്രീകളുമായുള്ള ഇടപെടലുകളിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം അനാവശ്യമായ കുറ്റാരോപണങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടവരുത്താം. അവിഹിത സ്വകാര്യതകൾ ഈ വാരത്തിൽ ഒഴിവാക്കുന്നതാണ് ഉചിതം.
മാർക്കറ്റിംഗ്, വാഹന മേഖലകളിൽ ബിസിനസ്സ് നടത്തുന്നവർക്ക് വിറ്റുവരവ് വർദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. കുടുംബത്തിലേക്ക് പുതിയൊരംഗം കടന്നുവരാനുള്ള സാധ്യതയും ഈ ആഴ്ചയിലുണ്ട്. പൂർവിക സ്വത്തായ അമൂല്യ വസ്തുക്കൾ ലഭിക്കുന്നതിനുള്ള ഭാഗ്യവും നിങ്ങളെ തേടിയെത്തും.
എന്നാൽ, മദ്യം, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഹൃദയ സംബന്ധമായോ ശ്വാസകോശ സംബന്ധമായോ ഉള്ള അസുഖങ്ങൾക്ക് ഈ വാരത്തിൽ മൂർച്ഛിക്കാനും അത് വഴി വലിയ കഷ്ടങ്ങൾക്കും കാരണമായേക്കാം.
മേടക്കൂറിലുൾപ്പെടുന്ന അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ബുധൻ, ചൊവ്വ, ഞായർ ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഈ ആഴ്ചയുടെ തുടക്കത്തിൽ ഇടവരാശിക്കാരിൽ മാനസികമോ ശാരീരികമോ ആയ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂട്ടുകെട്ടുകളിൽ നിന്നോ പങ്കാളിത്ത കച്ചവടത്തിൽ നിന്നോ അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങളോ അപഖ്യാതികരമായ സാഹചര്യങ്ങളോ ഉണ്ടാകുനുള്ള സാഹചര്യം വളരെ വലുതാണ്. എന്നിരുന്നാലും ആഴ്ച പുരോഗമിക്കുന്നതിനു അനുസരിച്ചു പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കഴിയും.
രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ഇടവരാശിക്കാർക്ക് ഈ വാരത്തിൽ അംഗീകാരവും പ്രശസ്തിയും ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. കുടുംബപരമായ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവയിൽ വിജയം കൈവരിക്കുന്നതിനും അനുകൂലമായ സമയമാണിത്. മാതാപിതാക്കളോടും ബന്ധുക്കളോടും ഉള്ള സമീപനത്തിൽ കൂടുതൽ പക്വതയും വിവേകവും ഈ വാരത്തിൽ കാണിക്കാൻ സാധ്യതയുണ്ട്. അവരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത് വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും വലിയ ഉയർച്ചയ്‌ക്ക് കാരണമാകും.
ഈ വാരത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠന മേഖലയുമായി ബന്ധപ്പെട്ട് വിദേശത്തു മികച്ച തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ വിവാഹം പോലുള്ള ശുഭകാര്യങ്ങൾക്ക് മുൻകൈയെടുക്കാനും അവയ്‌ക്ക് നേതൃത്വം നൽകാനുമുള്ള അവസരങ്ങൾ ലഭിക്കും. പ്രണയബന്ധത്തിലുള്ളവർക്ക് കുടുംബക്കാരുടെ അനുഗ്രഹത്തോടെ വിവാഹത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനമെടുക്കാൻ കഴിയും. സാമ്പത്തികമായി ഉണ്ടായിരുന്ന ചില അനിശ്ചിതത്വങ്ങൾക്കും ഈയാഴ്ച അറുതി വരും. വരവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും.
ഇടവക്കൂറിൽ ഉൾപ്പെടുന്ന കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
മിഥുനം രാശിക്കാർക്ക് ഈ വാരം വെല്ലുവിളി നിറഞ്ഞതായിരിക്കും. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യത വളരെ കൂടുതലാകുന്നു. ആരോഗ്യ പ്രശ്നങ്ങൾ, ക്ഷീണം, അസുഖങ്ങൾ എന്നിവ ഉണ്ടാകാം. അനാവശ്യ കൂട്ടുകെട്ടുകൾ കാരണമോ പ്രതികൂല സാഹചര്യങ്ങൾ കാരണമോ ദുഷ്ചിന്തകൾ മനസ്സിൽ വരുവാനും ദുർപ്രവൃത്തികളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ മുന്നിൽ വരുകയും ചെയുന്നത് തരണം ചെയേണ്ടതാകുന്നു. ശത്രുക്കളിൽ നിന്നുള്ള പ്രതികൂല പ്രവർത്തനങ്ങൾ, നിയമപരമായ തർക്കങ്ങളിലെ പ്രതികൂല വിധികൾ എന്നിവയും ഈ സമയത്ത് സംഭവിക്കാം. എന്ത് വിലകൊടുത്തും തർക്കങ്ങൾ വഴക്കുകൾ ഒക്കെയും ഈ വാരത്തിൽ ഒഴിവാക്കിയാൽ നന്നായിരിക്കും.
അഭിഭാഷകർ, അധ്യാപകർ, എഴുത്തുകാർ, പ്രഭാഷകർ, വ്ലോഗേഴ്സ് തുടങ്ങി വാക്‌സാമർത്ഥ്യം പ്രധാനമായും ഉപയോഗിക്കുന്ന തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന മിഥുനം രാശിക്കാർക്ക് ഈ കാലയളവ് വെല്ലുവിളി നിറഞ്ഞതായിരിക്കും. പരിശ്രമത്തിനു അനുസരിച്ചു ഫലം ലഭിക്കുന്ന കാലം ആയിരിക്കില്ല. പുതിയ സംരംഭങ്ങളിൽ തടസ്സങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നേക്കാം. സർക്കാർ വായ്പകളോ ആനുകൂല്യങ്ങളോ കൈപ്പറ്റിയിരിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം. വീടിന്റെ വായ്പയുമായി ബന്ധപ്പെട്ട് ജപ്തി ഭീഷണി പോലും ഉണ്ടായേക്കാം. സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെടുന്നത് ജയിൽവാസം പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. നേരിട്ടല്ലാതെ പരോക്ഷമായി പോലും സാമ്പത്തിക സംബന്ധിയായ തീരുമാനങ്ങൾ എടുക്കുന്നത് ഈ ആഴ്ചയിൽ ഒഴിവാക്കിയാൽ നന്നായിരിക്കും.
എന്നിരുന്നാലും, വാരാന്ത്യത്തോടെ, ഈ പ്രതികൂല സാഹചര്യങ്ങളിൽ ഒരു പരിധി വരെ ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളിൽ നിന്ന് കരകയറാനും മുന്നോട്ട് പോകാനുമുള്ള കഴിവ് വീണ്ടെടുക്കാനും കഴിയും. ഈ പ്രയാസകരമായ സമയത്തെ ഒരു പാഠമായി കണ്ട്, ഭാവിയിൽ സമാനമായ പ്രതിസന്ധികളെ കൂടുതൽ കാര്യക്ഷമമായി നേരിടാനുള്ള കഴിവ് വികസിപ്പിക്കാൻ ശ്രമിക്കുക.
മിഥുനക്കൂറിൽ ഉൾപ്പെടുന്ന മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
കർക്കടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഈ വാരം കർക്കടക രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായും തൊഴിൽപരമായും വൈവിധ്യമാർന്ന ഫലങ്ങൾ പ്രതീക്ഷിക്കാം. ആഹാരക്രമത്തിൽ സംതൃപ്തിയും ആരോഗ്യസ്ഥിതിയിൽ മെച്ചപ്പെടലും അനുഭവപ്പെടുമെങ്കിലും, ചില സന്ദർഭങ്ങളിൽ മാനസിക സമ്മർദ്ദവും ആരോഗ്യപരമായ ചില വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ചില കർക്കട രാശിക്കാർക്ക് പൊതുജനശ്രദ്ധ നേടാനും അംഗീകാരം നേടാനുമുള്ള വലിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുകയും അവയിൽ വിജയം കൈവരിക്കാനുള്ള സാധ്യതയുമുണ്ട്. വാഹനങ്ങൾ വഴി സുപ്രധാന നേട്ടങ്ങൾ ഉണ്ടാകാം, പുതിയ വാഹനം സ്വന്തമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദീർഘകാലമായി ഉറക്കക്കുറവ് അനുഭവിച്ചിരുന്നവർക്ക് ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി അനുഭവപ്പെടാം.
രാഷ്‌ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ സ്വാധീനവും പ്രശസ്തിയും വർദ്ധിക്കും. എന്നിരുന്നാലും, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുമായുള്ള ബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉടലെടുക്കാനുള്ള സാധ്യതയുണ്ട്, ഇത് അപമാനത്തിനും സൽപ്പേരിന് കളങ്കം വരുത്തുന്നതിനും ഇടയാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മൂലം പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ ഉദ്ദേശ്യം ചില സന്ദർഭങ്ങളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
എന്നിരുന്നാലും, വാരത്തിന്റെ അവസാനത്തോടെ സാഹചര്യങ്ങൾ മെച്ചപ്പെടും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയും ബിസിനസ്സിൽ വളർച്ചയും പ്രതീക്ഷിക്കാം. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളിൽ വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുന്നത് ഭാവി സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കും.
കർക്കിടകക്കൂറിൽ ഉൾപ്പെടുന്ന പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















