വ്രത ശുദ്ധിയോടൊപ്പം ആരോഗ്യ പരിപാലനം ആവശ്യമായ മാസമാണ് കർക്കടകം. രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലുള്ള മാസമായതിനാൽ മരുന്നു കഞ്ഞിയും കർക്കടക കൂട്ടുകളും കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് അതിശയത്തോടെയാണ് പലപ്പോഴും പുതുതലമുറ മനസിലാക്കുന്നത്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ദശപുഷ്പങ്ങളാണ് നാം ഉപയോഗിക്കാറുള്ളത്. ഇക്കൂട്ടത്തിൽ പ്രധാനിയായ കറുക പുല്ലിന്റെ ഔഷധ ഗുണങ്ങളറിയാം..
നിലത്തോട് ചേർന്ന് വളരുന്ന പുല്ലാണ് കറുക പുല്ല്. രണ്ട് തരത്തിലുള്ള കറുക പുല്ലുകളാണ് പൊതുവെ കേരളത്തിൽ കണ്ട് വരുന്നത്. ചെറിയ തണ്ടോടും ചെറിയ ഇലയോടും കൂടി നിലത്തോട് ചേർന്ന് വരുന്ന കറുക പുല്ലും, വലിയ തണ്ടോടു കൂടിയ കറുക പുല്ലുമാണ് പൊതുവെ എല്ലായിടങ്ങളിലും വളരുന്നത്. ഇതിൽ ചെറിയ തണ്ടുള്ള കറുക പുല്ലുകളെയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.
കറുക അരച്ചെടുത്ത് പാലിൽ ചേർത്ത് കുടിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റുന്നതിന് ഉത്തമമാണ്. കറുക നീര് ചുടു പാലിൽ ചാലിച്ച് കഴിക്കുന്നത് നാഡീ ക്ഷീണം അകറ്റുന്നതിനും രക്തസമ്മർദ്ദം അകറ്റുന്നതിനും ഗുണം ചെയ്യുന്നു. മുറിവുകളിൽ കറുക പുല്ല് അരച്ചു പുരട്ടുന്നത് മുറിവിൽ നിന്ന് രക്തസ്രാവം കുറച്ച് പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു. ബുദ്ധിവികാസത്തിനും കറുക നീര് കുടിക്കാം.















