നിവിൻ പോളി അഭിനയിച്ച ആൽബം ഗാനം ‘ഹബീബീ ഡ്രിപ്പ്’ യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ. സ്റ്റൈലിഷ് ലുക്കിൽ വ്യത്യസ്ത ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ഗാനം മൂന്ന് ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. നാലു മില്യണിലധികം പേരാണ് ഇതുവരെ ആൽബം കണ്ടത്. ഗൾഫിൽ ചിത്രീകരണം പൂർത്തിയാക്കിയ ഗാനത്തിൽ നിവിന്റെ ഗംഭീരമായ നൃത്ത ചുവടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷാൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.
ആൽബത്തിനായി വരികൾ രചിച്ച് ആലപിച്ചത് ഡബ്സിയാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ആൽബം പുറത്തിറങ്ങിയതോടെ നിരവധി പേരാണ് നിവിനെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുന്നത്. ഈ നിവിനെയാണ് ഞങ്ങൾക്ക് വേണ്ടത്, നിവിന്റെ ചാമിങ് ലുക്ക് ഒന്നും എങ്ങും പോയിട്ടില്ല മക്കളെ, പഴയ നിവിൻ പോളിയെ കിട്ടിയ പോലെ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ആരാധകർ പങ്കുവച്ചിരിക്കുന്നത്.















